കോതമംഗലം: 'പക്ഷി എൽദോസ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് സ്വദേശി കൗങ്ങുമ്പിള്ളിൽ വീട്ടിൽ എൽദോസിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ എൽദോസിന്റെ മൃതദേഹം കണ്ടെത്തിയത്. എൽദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കോതമംഗലം പോലീസ് സ്റ്റേഷനിൽ ഇന്നലെ പരാതി നൽകിയിരുന്നു. ഇതുപ്രകാരം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
തട്ടേക്കാട് പക്ഷിസങ്കേതത്തെക്കുറിച്ചും അവിടുത്തെ പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും കൃത്യമായ അറിവ് എൽദോസിനുണ്ടായിരുന്നു. പക്ഷികളെക്കുറിച്ചുള്ള അറിവുകളെല്ലാം ഇടക്കാലത്ത് എൽദോസ് മാധ്യമങ്ങളുമായി പങ്കിട്ടിരുന്നു. പക്ഷികളുടെ പിന്നാലെ നേരവും കാലവുമില്ലാതെയുള്ള നടപ്പുകണ്ട് നാട്ടുകാർ നൽകിയ പേരാണ് 'പക്ഷി എൽദോസ്'.
ഇടക്കാലത്ത് തട്ടേക്കാട് പക്ഷിസാങ്കേതത്തിനടുത്ത് അദ്ദേഹം റിസോർട്ട് ആരംഭിച്ചിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടർന്ന് കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും സാമ്പത്തിക നില മെച്ചപ്പെട്ടിരുന്നില്ല. സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.