അർജന്റീന - ഇക്വഡോർ ക്വാർട്ടർ നാളെ വെളുപ്പിന്

ഹൂസ്റ്റണ്‍ : കോപ്പ അമേരിക്ക 2024 ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ അര്‍ജന്റീന - ഇക്വഡോര്‍ പോരാട്ടത്തോടെയാണ് തുടക്കമാകുക.

ഹൂസ്റ്റണിലെ എആര്‍ജി സ്‌റ്റേഡിയത്തില്‍ വെളുപ്പിന് ആറരയ്‌ക്കാണ് മത്സരം. നിലവിലെ ജേതാക്കളായ അര്‍ജന്റീന ഗ്രൂപ്പ് എയില്‍ നിന്ന് എല്ലാ മത്സരങ്ങളും ജയിച്ച്‌ ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ച അവര്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ ചിലിയെയും മൂന്നാമത്തെ കളിയില്‍ പെറുവിനെയും തോല്‍പ്പിച്ചു.


ഗ്രൂപ്പ് ബിയില്‍ നിന്നും വെനസ്വേലയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇക്വഡോറിന്റെ മുന്നേറ്റം. ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ആദ്യ മത്സരത്തില്‍ വെനസ്വേലയോട് പരാജയപ്പെട്ട അവര്‍ രണ്ടാം മത്സരത്തില്‍ ജമൈക്കയെ തോല്‍പ്പിച്ചു. മെക്‌സിക്കോയുമായുള്ള മത്സരം ഗോള്‍ രഹിത സമനിലയിൽ പിരിഞ്ഞു.


അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ ഇതുവരെ 17 കളികളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അതില്‍ ഒമ്പതെണ്ണം അര്‍ജന്റീന ജയിച്ചപ്പോള്‍ മൂന്ന് കളികള്‍ ഇക്വഡോര്‍ സ്വന്തമാക്കി. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.


2017 ലെ ഫിഫ റഷ്യന്‍ ലോകകപ്പിലേക്കുള്ള യോഗ്യതാ റൗണ്ട് മത്സരമാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റവും പ്രസിദ്ധമായ മത്സരം നടന്നത്. അര്‍ജന്റീനയ്‌ക്ക് നിര്‍ണായകമായ ആ മത്സരത്തില്‍ കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇക്വഡോര്‍ ലീഡ് ചെയ്തു. ഒടുവില്‍ മത്സരം അവസാനിക്കുമ്പോള്‍ മെസിയുടെ ഹാട്രിക്കില്‍ അര്‍ജന്റീന 3 - 1 ന് ജയിച്ച്‌ ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയായിരുന്നു. ഇതിന് മുമ്പേ ഇക്വഡോറില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ അര്‍ജന്റീന 2 - 0 ന് തോറ്റിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ ഇക്വഡോര്‍ നേടിയ ഏറ്റവും വലിയ വിജയമാണിത്. 2019 ല്‍ നടന്ന അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോളില്‍ ഇക്വഡോറിനെ 6 - 1 ന് തോല്‍പ്പിച്ചതാണ് നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ അര്‍ജന്റീന നേടിയ ഏറ്റവും വലിയ വിജയം.


ക്വാര്‍ട്ടര്‍ പോരുകള്‍

അര്‍ജന്റീന-ഇക്വഡോര്‍ ( നാളെ രാവിലെ 6.30 )

വെനസ്വേല-കാനഡ ( ശനി രാവിലെ 6.30 )

കൊളംബിയ-പനാമ ( ഞായര്‍ പുലര്‍ച്ചെ 3.30 )

ബ്രസീല്‍-ഉറുഗ്വേ ( ഞായര്‍ രാവിലെ 6.30 )