25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു , നടി ഗൗതമിയുടെ മുന്‍ മാനേജര്‍ വീണ്ടും അറസ്റ്റില്‍

ചെന്നൈ : നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത മുന്‍മാനേജര്‍ അഴകപ്പന്‍ ( 64 ) വീണ്ടും അറസ്റ്റില്‍.

ഗൗതമിയുടെയും സഹോദരന്‍ ശ്രീകാന്തിന്റെയും പേരിലുള്ള 25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഡിസംബറില്‍ ചെന്നൈ പോലീസ് അഴകപ്പനെ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇയാൾ ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു.


ശ്രീപെരുംപുദൂരിലുള്ള സ്വത്ത് തട്ടിയെടുത്തതിന്റെപേരിലുള്ള പുതിയ കേസില്‍ കാഞ്ചീപുരം പോലീസാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 


19 വര്‍ഷം മുന്‍പ് സ്തനാര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോഴാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി അഴകപ്പന്റെ പേരില്‍ ഗൗതമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയത്. തുടര്‍ന്ന് ഗൗതമിയുടെയും സഹോദരന്റെയും പേരിലുള്ള പലയിടങ്ങളിലെ സ്ഥലം വില്‍ക്കുകയും ഇതില്‍ നിന്ന് ലഭിച്ച പണമുപയോഗിച്ച് അഴകപ്പന്‍ തന്റെ കുടുംബാംഗങ്ങളുടെപേരില്‍ സ്ഥലം വാങ്ങുകയുമായിരുന്നു.