ഭൂമി വിട്ടു കിട്ടാനായി നഞ്ചിയമ്മയുടെ പോരാട്ടം ; കേസ് ഹൈക്കോടതി പരിഗണനയില്‍

പാലക്കാട് : അട്ടപ്പാടിയില്‍ അന്യാധീനപ്പെട്ട പാരമ്പര്യ ഭൂമി തിരികെ കിട്ടാനുളള നഞ്ചിയമ്മയുടെ പോരാട്ടം അവസാനിക്കുന്നില്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും , കോടതിയുടെ പരിഗണനയിലായതിനാലാണ് ഭൂമി വിട്ടു നല്‍കാന്‍ കഴിയാത്തതെന്നും അട്ടപ്പാടി തഹസീല്‍ദാര്‍ ഷാനവാസ് വിശദീകരിച്ചു. നഞ്ചിയമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചിയമ്മയുടെ പരാതി. നഞ്ചിയമ്മയുടെ ഭര്‍ത്താവിന്റെ കുടുംബം വകയുള്ള നാലേക്കര്‍ ഭൂമിയാണ് തര്‍ക്കത്തിന് ആധാരം. നഞ്ചിയമ്മയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ നാഗമൂപ്പന്റെ കൈയില്‍നിന്ന് കന്ത ബോയന്‍ എന്നൊരാളാണ് ഭൂമി കൈവശപ്പെടുത്തിയത്. പരാതിയെ തുടര്‍ന്ന് 2003 - ല്‍ വില്‍പ്പന റദ്ദാക്കി ഭൂമി അവകാശികള്‍ക്ക് തിരിച്ചു കൊടുത്തു. അവര്‍ കൃഷി ചെയ്തുകൊണ്ടിരിക്കേ , 2007 - ല്‍ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടീസ് നല്‍കി അഗളി വില്ലേജ് അധികൃതര്‍ ഒഴിപ്പിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം കെ.വി. മാത്യു എന്നൊരാള്‍ ഈ ഭൂമിയുടെ അവകാശിയായി വന്നു. ഒറ്റപ്പാലം സബ് ജഡ്ജി ഒപ്പിട്ട ആധാരമാണ് തെളിവായി ഇയാള്‍ ഹാജരാക്കിയത്.


മാത്യുവില്‍ നിന്നാണ് ഭൂമി ജോസഫ് കുര്യനിലെത്തിയത്. റവന്യൂ വകുപ്പിന് ലഭിച്ച പരാതികളില്‍ അസി. ലാന്‍ഡ് റവന്യു കമീഷണറുടെ മേല്‍നോട്ടത്തില്‍ റവന്യു വിജിലന്‍സ് അന്വേഷിക്കുകയും വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി തട്ടിയെടുത്തതെന്ന് കണ്ടെത്തുകയും ചെയ്തു. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്യാധീനപ്പെട്ടു , തിരികെ കിട്ടാന്‍ ടി എല്‍ എ കേസ് നിലവിലുണ്ട്. ഭൂമി വില്‍ക്കാന്‍ അടിസ്ഥാന രേഖയായ നികുതി രശീതി അഗളി വില്ലേജില്‍ നിന്ന് നല്‍കിയിട്ടില്ലെന്നും കോടതിയില്‍ വില്ലേജ് ഓഫിസര്‍ മൊഴി നല്‍കി. വ്യാജരേഖയുടെ പിന്‍ബലത്തിലാണ് ഭൂമി ഇടപാടെന്ന് തെളിഞ്ഞു. നഞ്ചിയമ്മയ്ക്ക് അനുകൂലമായി ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന വ്യക്തി കോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് നേടുകയുമായിരുന്നു.