മുണ്ടക്കൈ ദുരന്തം മരിച്ചവരുടെ എണ്ണം 270 ആയി.

മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ 270 പേർ മരിച്ചെന്ന് കണക്കുകൾ. 240 പേരെ ഇനിയും കണ്ടെത്താനായില്ലെന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു , ദൗത്യം നാളെ രാവിലെ പുനരാരംഭിക്കും


കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തിയത്. രക്ഷാപ്രവർത്തകരെ മുഴുവൻ മുണ്ടക്കയത്തേക്ക് തിരികെ എത്തിച്ചു.


നിര്‍ത്താതെ പെയ്യുന്ന മഴയാണ് ചൂരൽ മലയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങി.


ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും ഇന്ന് മുങ്ങി. മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ നടത്തി. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചിൽ. രാവിലെ ഇവിടെ സൈനികർ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ സാധിച്ചിരുന്നില്ല.


അതിനിടെ വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.