കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷം : അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

വയനാട് : ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണ്. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ പറയുന്ന കാര്യത്തിൽ വസ്തുതയില്ല. എൻഡിആർഎഫിനെ കേരളം നേരത്തെ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് അയച്ചത്. 


കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് അനുസരിച്ച് എല്ലാ മുൻകരുതലും കേരളം എടുക്കാറുണ്ട്. ഈ ദുരന്തങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായാണ് സംഭവിക്കുന്നത്.


ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് വേണ്ടത്. അല്ലാതെ എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ കുറ്റം ആരുടെയെങ്കിലും പിടലിക്ക് ഇട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുക അല്ല വേണ്ടത്.


പരസ്പരം പഴി ചാരേണ്ട സമയമല്ല ഇതെന്നും രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.