ഹിസ്ബുല്ലയുടെ ദക്ഷിണ മേഖല കമാൻഡർ അലി കരാക്കെയാണ് കൊല്ലപ്പെട്ട മറ്റൊരു പ്രധാനി. എന്നാല്‍ , കരാക്കെയുടെ മരണം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച , ഹിസ്ബുല്ലയുടെ മിസൈല്‍ വിഭാഗം മേധാവി ഇബ്രാഹീം ഖുബൈസിയെയും ഇസ്രായേല്‍ വധിച്ചിരുന്നു.
1992 മുതല്‍ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസൻ നസ്റുല്ല. സംഘടനയെ സൈനികമായും രാഷ്ട്രീയമായും ശക്തമാക്കിയ നസ്റുല്ലയെ ലക്ഷ്യമിട്ട് മുമ്പും ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്.
2006 ല്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിലും നസ്റുല്ല കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം നസ്റുല്ല പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ പേജർ , വോക്കിടോക്കി സ്ഫോടനങ്ങളില്‍ നടത്തി നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം ഞെട്ടിച്ചതായും തിരിച്ചടിക്കുമെന്നും ഹസൻ നസ്റുല്ല വ്യക്തമാക്കിയിരുന്നു. പിന്നാലെ തെക്കൻ ലബനാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒറ്റദിവസം അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല തലവനെ തന്നെ ലക്ഷ്യമിട്ട് ഇസ്രായേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയത്.