മുല്ലപ്പെരിയാർ ഡാം - ആശങ്ക പരിഹരിക്കണം.

മുവാറ്റുപുഴ : മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ഭീതിയും ആശങ്കയും പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടി സ്വീകരിക്കണമെന്ന് വിവിധ സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴയിൽ നടന്ന യോഗം ആവശ്യപ്പെട്ടു.

പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു. നാസ് പ്രസിഡൻ്റ് ഡോ. വിൻസെൻ്റ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. അസീസ് കുന്നപ്പിള്ളി അഡ്വ .എൻ. രമേശ്, അബ്ദുൾ റസാഖ്, വിജയകുമാർ എ.കെ, പായിപ്ര കൃഷ്ണൻ, ഒ.എ. ഐസക്ക് ബെൻസി മണിത്തോട്ടം, ഷാജി പാലത്തിങ്കൽ, ഷംസുദ്ദീൻഎന്നിവർ പ്രസംഗിച്ചു.



 ഡാമുകൾക്ക് ശരാശരി അമ്പത് വർഷമാണ് ആയുസ് എന്നിരിക്കേ, 129 വർഷം പഴക്കമുള്ളതും പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് പണിതതുമായ മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്ന് കരുതാനാവില്ല. ഐ.ഐ.ടികളുടേതുൾപ്പെടെ പല പഠനങ്ങളും ഡാമിൻ്റെ സുരക്ഷയിൽ സംശയം പറഞ്ഞിട്ടുണ്ട്.


 ' മുല്ലപ്പെരിയാറിൽ പുതിയൊരു ഡാം ' എന്ന, കേരളം ഇതുവരെ മുന്നോട്ട് വച്ചിരുന്ന ആവശ്യം സമീപഭാവിയിലെങ്ങും നടപ്പാകില്ല. കാരണംസുപ്രീം കോടതി വിധിപ്രകാരം തമിഴ്നാടിൻ്റെകൂടി സമ്മതം വേണം പുതിയഡാം പണി തുടങ്ങാൻ .പഴയ കരാർ റദ്ദായേക്കുമോ എന്ന ഭയത്തിൽ തമിഴ്നാട് അതിന് സമ്മതിക്കുകയുമില്ല.


ഇനി, തമിഴ്നാട് സമ്മതിച്ച്, മുല്ലപ്പെരിയാറിൽ പുതിയൊരു ഡാം നിർമ്മിച്ചാലും, അമ്പതോ അറുപതോ വർഷം കഴിയുമ്പോൾ, ആ ഡാം കേരളത്തിന്ഇപ്പോളത്തേതിലും വലിയ ഭീഷണിയായി മാറുകയും ചെയ്യും.


മുല്ലപ്പെരിയാറിൽ ഇപ്പോൾ ചെയ്യാവുന്ന, പ്രായോഗികവും ഇരു സംസ്ഥാനങ്ങൾക്കും ഗുണകരവുമായ കാര്യം പുതിയ ടണൽ നിർമ്മിച്ച് അതിലുടെ ഇവിടെ സംഭരിക്കുന്ന വെള്ളം തമിഴ്നാടിന് നല്കി, ഡാമിലെ ജലനിരപ്പ് താഴ്ത്തിനിർത്തുക എന്നതാണ്. അങ്ങനെ ചെയ്താൽ, തമിഴ്നാടിന് ജലം കിട്ടും. 


കേരളത്തിൻ്റെ ഭീഷണി ഒഴിവാകുകയും ചെയ്യും. ഈ വിധമൊരു ടണൽ നിർമ്മാണം ഒരു വർഷത്തിൽ താഴെ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാവുമെന്നും ചെലവ്, പുതിയ ഡാം നിർമ്മാണത്തിന് വേണ്ടിവരുന്നതിനേക്കാൾ വളരെ കുറച്ച് മാത്രം മതി എന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.


കേന്ദ്ര സർക്കാരിൻ്റെ മദ്ധ്യസ്ഥതയിൽ, കേരള -തമിഴ്നാട് സർക്കാരുകൾ രമ്യമായി സംസാരിച്ച് ഈ വിഷയം പരിഹരിക്കണം. അതിന് കേരള സർക്കാർ മുൻകൈ എടുക്കണം.