സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് , നവംബര്‍ 11ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി : ജസ്റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്റെ 51-ാ മത് ചീഫ് ജസ്റ്റിസായി നവംബര്‍ 11 ന് ചുമതലയേല്‍ക്കും.

സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ച്‌ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നലെ വിജ്ഞാപനമിറക്കി.


ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നവംബര്‍ 10 ന് വിരമിക്കും. സഞ്ജീവ് ഖന്നയെ നിര്‍ദ്ദേശിച്ച്‌ ചന്ദ്രചൂഡ് നേരത്തെ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ അയച്ചിരുന്നു. 2025 മേയ് 13 വരെ കാലാവധിയുണ്ടാകും.183 ദിവസം. 2019 ജനുവരിയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്ജിയാകുന്നത്.


1960 മേയ് 14 ന് ഡല്‍ഹിയിലാണ് ജനനം. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. 1983 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2005 ജൂണ്‍ 24 ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി. അവിടെ നിന്ന് സ്ഥാനക്കയറ്രത്തിലൂടെ സുപ്രീംകോടതി ജഡ്ജി.


ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ചത് , മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത് ഉള്‍പ്പെടെ 117 ല്‍പ്പരം വിധിന്യായങ്ങളുടെ ഭാഗമായി. അച്ഛന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്രാജ് ഖന്ന.