ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ക്കോ വർണ വിപ്ലവങ്ങള്‍ക്കോ ജനകീയ പിന്തുണ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരുകളെ താഴെയിറക്കാനുള്ള അക്രമരഹിത പ്രതിഷേധമായ വർണ വിപ്ലവത്തെ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് മന്ത്രിയുടെ പ്രതികരണം.
ഇറാന്റെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കണമെന്നും യുഎസും ഇസ്രയേലും ചേർന്ന് നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും വാങ് യി വ്യക്തമാക്കി. അന്താരാഷ്ട്ര ന്യൂസ് ഏജൻസിയോടായിരുന്നു വാങ് യിയുടെ പ്രതികരണം.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനും വ്യാപിക്കാതിരിക്കാനും സൈനിക നീക്കങ്ങള്‍ ഉടൻ അവസാനിപ്പിക്കണം. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്ത യുദ്ധമായിരുന്നു. ഇത് ആർക്കും ഗുണം ചെയ്യുകയുമില്ല. സൈനിക നീക്കങ്ങള്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. എന്നാല്‍ അത് വെറുപ്പും വിദ്വേഷവും പുതിയ പ്രതിസന്ധികളും മാത്രമേ തീർക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ജനങ്ങളാണ് അവിടത്തെ യഥാർത്ഥ യജമാനന്മാർ. ആ രാജ്യങ്ങള്‍ക്കെല്ലാം പരമാധികാരമുണ്ട്. അവിടത്തെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. അതില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടതില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.
ശക്തമായ മുഷ്ടി എന്നതിന് ശക്തമായ യുക്തി എന്നല്ല അർത്ഥം. ലോകത്തിന് കാട്ടുനീതിയിലേക്ക് മടങ്ങിപോകാനാകില്ല. അതിവേഗം വിഷയം ചർച്ച ചെയ്ത് പ്രശ്‌ന പരിഹാരം കണ്ടെത്തണം. അതിന് മധ്യസ്ഥം വഹിക്കാൻ ചൈന തയ്യാറാണെന്നും വാങ് യി പറഞ്ഞു.
പശ്ചിമേഷ്യയിലെ ശാന്തിക്കും സമാധാനത്തിനുമായി പ്രദേശത്തെ രാജ്യങ്ങള്‍ക്കൊപ്പം പ്രവർത്തിക്കാനും ലോകസമാധാനം ഉറപ്പാക്കാനും ചൈന സന്നദ്ധമാണെന്ന് വാങ് യി വ്യക്തമാക്കി.
Content Highlight : China's Foreign Minister Wang Yi has warned against seeking government change in iran amid the ongoing us - israeli move