രാജിവയ്ക്കാതെ മമത, ബംഗാള്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ; പക്ഷേ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിസന്ധി ; പ്രീതി പിൻവലിക്കേണ്ടിവരും

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി. തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി കൂട്ടാക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി.

നിയമസഭ കാലാവധി പിരിച്ചുവിട്ടതെന്നാണ് ഗവർണറുടെ വിശദീകരണം. ബംഗാളിലെ ഫലം വന്ന് മൂന്നാം ദിവസവും സ്ഥാനം ഒഴിയാൻ മമത ബാനർജി തയ്യാറായിരുന്നില്ല. ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടില്‍ തുടർന്ന മമത ബാനർജി മുഖ്യമന്ത്രി പദം, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടില്‍ തുടരുകയാണ്. 


പശ്ചിമബംഗാള്‍ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുമ്പോഴാണ് പിരിച്ചു വിട്ടുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ്. ജനവിധി ബി ജെ പി അട്ടിമറിച്ചെന്ന് ആരോപിക്കുന്ന മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം ഇതുവരെ രാജിവച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഗവർണർ ആർ എൻ രവിയുടെ നീക്കം ശ്രദ്ധേയമാണ്. 


എന്നാല്‍ മമത മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നു എന്നത് പ്രതിസന്ധിയാണ്. ഗവർണറുടെ അധികാരം ഉപയോഗിച്ച്‌ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മമതയെ പുറത്താക്കുന്നതില്‍ ഇന്നോ നാളെയോ ഗവർണർ തീരുമാനമെടുക്കും. മുഖ്യമന്ത്രിയിലുള്ള പ്രീതി പിൻവലിക്കുന്നതായി ഗവർണർക്ക് അറിയിക്കാം. ഹ്രസ്വ കാലത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് പോലുള്ള നടപടി വേണമോ എന്നതടക്കം ചർച്ചയിലുണ്ട്.


വാദ പ്രതിവാദം

മമത ബാനർജി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും, മമതയുടെ വാദങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ബി ജെ പി നേതാക്കള്‍ വിമർശനം കടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭരണഘടനയെ കുറിച്ച്‌ ഇപ്പോള്‍ വാചാലരാകുന്നവർ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ഏജൻസികളും കേന്ദ്രസേനയും ഒരുമിച്ച്‌ ബി ജെ പിയോടൊപ്പം തെരഞ്ഞെടുപ്പ് അട്ടിമറിക്കുമ്പോള്‍ എവിടെയായിരുന്നുവെന്ന ചോദ്യമാണ് ടി എം സി ഉയർത്തുന്നത്. സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് മെഷീനുകള്‍ മാറ്റിയെന്ന ആരോപണമകട്ടം ടി എം സി ഉയർത്തിയിട്ടുണ്ട്.


നൂറ് കൗണ്ടിംഗ് കേന്ദ്രങ്ങളിലെങ്കിലും സീരിയല്‍ നമ്പറുകള്‍ നേരത്തെ രേഖപ്പെടുത്തിയതുമായി ഒത്തുപോകുന്നതായിരുന്നില്ലെന്നും, വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റി പുറത്തുള്ളവരെ കൊണ്ടു വന്നെന്നും അഭിഷേക് ബാനർജി ആരോപിച്ചിട്ടുണ്ട്.


ആരാകും മുഖ്യമന്ത്രി

ബി ജെ പി നിയമസഭ കക്ഷി നേതാവിനെ തീരുമാനിക്കുന്നതിനായി കൊല്‍ക്കത്തയില്‍ ഇന്ന് പാർട്ടി യോഗം ചേരുന്നുണ്ട്. കേന്ദ്ര നിരീക്ഷകരായ അമിത് ഷായും മോഹൻ ചരണ്‍ മാജിയുടെയും സാന്നിധ്യത്തിലാകും യോഗം. സുവേന്ദു അധികാരിക്കാണ് ഭൂരിപക്ഷം എം എല്‍ എമാരുടെയും പിന്തുണയെന്നാണ് സൂചന. 


അതേസമയം ബംഗാളില്‍ അക്രമം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുകയാണ്. കൊല്‍ക്കത്ത ന്യൂമാർക്കറ്റില്‍ ബി ജെ പി വിജയാഘോഷത്തിനിടെ ബുള്‍ഡോസറുപയോഗിച്ച്‌ ഇറച്ചിക്കടകള്‍ തകർക്കുന്ന ദൃശ്യങ്ങള്‍ ടി എം സി പുറത്തുവിട്ടു. പലയിടത്തും ടി എം സി ആസ്ഥാനങ്ങള്‍ക്ക് തീയിട്ടു. ബോങ്ഗാവോണില്‍ വിജയിച്ച ടി എം സി സ്ഥാനാർത്ഥി ബിന മൊണ്ടലിന്റെ വീടും വാഹനവും ബിജെപി ഗുണ്ടകള്‍ അക്രമിച്ച്‌ തകർത്തെന്നും ടി എം സി പരാതിപ്പെട്ടു. 


ഇതുവരെ നാല് പേർ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അക്രമങ്ങള്‍ തടയാൻ അടിയന്തര നടപടികള്‍ സ്വീകരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും നിർദേശം നല്‍കി. ആഘോഷപരിപാടികളില്‍ ബുള്‍ഡോസർ കൊണ്ടു വരുന്നത് വിലക്കി. ആവശ്യമുള്ളിടത്തെല്ലാം കർഫ്യൂ പ്രഖ്യാപിക്കാനും, സേനാ വിന്യാസം ശക്തമാക്കാനും നിർദേശിച്ചു.