ഇടുക്കി: കൊള്ള ലാഭവും അമിതപലിശയും വാഗ്ദാനം ചെയ്ത് പൊലീസുകാരെ പറ്റിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ (43) ആണ് തമിഴ്നാട്ടില്‍ നിന്നും പിടിയിലായത്.
ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. 2017- 18 വര്‍ഷങ്ങളില്‍ പൊലീസ് സൊസൈറ്റിയില്‍ നിന്നും സഹപ്രവര്‍ത്തകരെ കൊണ്ട് വായ്പ എടുപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം.
പലരില്‍ നിന്നുമായി അഞ്ചുലക്ഷം മുതല്‍ 25 ലക്ഷം വരെ ഇയാള്‍ വാങ്ങിയിട്ടുണ്ട്. സൊസൈറ്റിയില്‍ വായ്പ തിരിച്ചടക്കാനുള്ള പ്രതിമാസ തവണയും, 15,000 മുതല്‍ 25,000 രൂപ വരെ ലാഭവും കൊടുക്കാമെന്ന് പറഞ്ഞാണ് അമീര്‍ ഷാ സഹപ്രവര്‍ത്തകരില്‍ നിന്ന് പണം വാങ്ങിയത്.
ആദ്യത്തെ ആറുമാസം വായ്പ തിരിച്ചടക്കുകയും ലാഭം കൃത്യമായി നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ വിശ്വാസം പിടിച്ചു പറ്റിയതിനു ശേഷമാണ് ഒന്നരക്കോടിയോളം രൂപയുമായി ഒളിവില്‍ പോയത്. തട്ടിപ്പിനിരയായ കുറച്ചുപേര്‍ മാത്രമാണ് പരാതി നല്‍കിയത്. ഒന്നരക്കോടി തട്ടിയതിന്റെ പരാതികളാണ് ലഭിച്ചിരിക്കുന്നതെങ്കിലും, അമീര്‍ ഷാ ആറ് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് സൂചന.
ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദേശ പ്രകാരമാണ് അമീര്‍ ഷായെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.