ഭാരത് ജോഡോ യാത്രക്ക് മുൻപ് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കണമെന്ന് ഒരു വിഭാഗം, മൗനം തുടർന്ന് രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രക്ക് മുൻപ് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കണമെന്ന് ഒരു വിഭാഗം, മൗനം തുടർന്ന് രാഹുൽ ഗാന്ധി

ദില്ലി: കോൺഗ്രസ് അധ്യക്ഷപദത്തിൽ ഭാരത് ജോഡോ യാത്രക്ക് മുൻപ് ധാരണയിലെത്തണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ മൗനം തുടരുകയാണ് മുൻ ദേശീയ അധ്യക്ഷനും ഇപ്പോൾ പാ‍ര്‍ട്ടിയിലെ ഒന്നാം മുഖവുമായരാഹുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. അതേസമയം മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, കമൽനാഥ് എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സെപ്തംബ‍ര്‍ ഏഴ് മുതലാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര. രാഹുല്‍ഗാന്ധിയാണ് പദയാത്രക്ക് നേതൃത്വം നല്‍കുന്നത്. യാത്രയില്‍ പ്രധാന നേതാക്കളെല്ലാം അണിനിരക്കും. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും. ഉദയ് പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് പദയാത്രക്ക് പദ്ധതിയിട്ടത്. പാര്‍ട്ടി പുനരുജ്ജീവനത്തിന് ഭാരതപര്യടനം കൂടിയേ തീരൂവെന്ന് ചിന്തന്‍ ശിബിരത്തില്‍ പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു.

എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും. ഭാരത് ജോഡോ യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും.

കേരളത്തിൽ ജോഡോയാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. 148 ദിവസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ 18 ദിവസം കേരളത്തിലൂടെയാകുമെന്നും ജയറാം രമേശ് അറിയിച്ചു. കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലന്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും.