'ഗൂഗിള്‍ പേ' സേവനം ഇനി ഖത്തറിലും

ദോഹ: ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിള്‍ പേ' സേവനം ഇനി ഖത്തറിലും.

രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് 'ഗൂഗിള്‍ പേ' ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഖത്തര്‍ നാഷനല്‍ ബാങ്ക്, കൊമേഴ്‌സ്യല്‍ ബാങ്ക്, ദുഖാന്‍ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് (ക്യുഐബി) ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗുഗിള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് അറിയിച്ചു. സുരക്ഷാ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗിള്‍ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താന്‍ അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് സന്ദേശത്തിലൂടെയും അറിയിപ്പ് നല്‍കി.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന് 'ജി പേ' ആപ്ലിക്കേഷന്‍ ബാങ്ക് വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും, അതിവേഗത്തിലും ഇടപാട് പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനവുമായാണ് ബാങ്കുകള്‍ ഗൂഗിള്‍ പേ അവതരിപ്പിക്കുന്നത്. ലോകകപ്പിനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കാണികള്‍ക്ക് രാജ്യത്തെ പണമിടപാട് എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ പേ ഉപയോഗത്തിന് അനുവാദം നല്‍കിയത്.

നിലവില്‍, ആപ്പിള്‍ പേ, സാംസങ് പേ എന്നിവയ്ക്ക് നേരത്തെ അനുവാദം നല്‍കിയിരുന്നു. ആവശ്യമുള്ള ബാങ്ക് കാര്‍ഡുകള്‍ 'ഗൂഗിള്‍ പേ' യിലേക്ക് ലിങ്ക് ചെയ്യുന്നത് പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കുറച്ച് സമയമെടുക്കും. ഗൂഗിള്‍ പേ സജ്ജീകരിക്കാന്‍, ഉപഭോക്താക്കള്‍ ആദ്യം ഗൂഗിള്‍ പേയില്‍ നിന്ന് Google Wallet ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഗൂഗിള്‍ പേയ്ക്കായുള്ള കാര്‍ഡുകളും ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും മറ്റും സംഭരിക്കുന്ന ഒരു ഡിജിറ്റല്‍ വാലറ്റാണ് ഗൂഗിള്‍ വാലറ്റ്. കാര്‍ഡ് ലിങ്ക് ചെയ്ത് കഴിഞ്ഞാല്‍, ഉപയോക്താക്കള്‍ക്ക് അവരുടെ പേയ്‌മെന്റ് വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടതില്ല.