മാട്ടുപുറം ഗുണ്ട ആക്രമണ കേസിലെ മുഖ്യപ്രതിയെ വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടച്ചു

മാട്ടുപുറം ഗുണ്ട ആക്രമണ കേസിലെ മുഖ്യപ്രതിയെ വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടച്ചു

മാട്ടുപുറം ഗുണ്ട ആക്രമണ കേസിലെ മുഖ്യപ്രതിയെ വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടച്ചു. നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി കിഴക്കേപ്രം അത്താണി ഭാഗത്ത് വയലുംപാടം വീട്ടില്‍ അനൂപ് (പൊക്കന്‍ അനൂപ് 32) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നോര്‍ത്ത്പറവൂര്‍, ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അന്യായമായ സംഘം ചേരല്‍, വധശ്രമം, കവര്‍ച്ച, ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തു നിയമം തുടങ്ങി ഏഴ് കേസുകൾ ഇയാൾക്കെതിരെയുണ്ട്. അനൂപിനെ 2020 നവംബറില്‍ ആറ് മാസം കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. പിന്നീട് മറ്റ് കേസുകളിലെ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍  ഇയാളുടെ ജാമ്യം  റദ്ദാക്കിയിരുന്നു. ജനുവരി അവസാനം ആലങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ മാട്ടുപുറത്ത് ഷാനവാസ് എന്നയാളെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് വീണ്ടും കാപ്പ ചുമത്തിയത്.  ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 43 പേരെ  ജയിലിലടച്ചു. 31 പേരെ നാടു കടത്തി. ജില്ലയില്‍ കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് എസ്.പി കെ.കാര്‍ത്തിക് അറിയിച്ചു.