ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ 300 കോടിയുടെ മണിചെയിന്‍ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂര്‍: ക്രിപ്റ്റോ കറന്‍സിയുടെയും കറന്‍സി വ്യാപാരത്തിന്റെയും പേരില്‍ കോടികളുടെ തട്ടിപ്പ്. 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക നിഗമനം

തട്ടിപ്പുസ്ഥാപനത്തിന്റെ ഡയറക്ടര്‍ വടക്കാഞ്ചരി മലാക്ക കണ്ടരത്ത് വീട്ടില്‍ രാജേഷ് മലാക്ക (46) എന്ന കെ.ആര്‍. രാജേഷിനെയും സ്ഥാപനത്തിന്റെ പ്രൊമോട്ടര്‍ തൃശ്ശൂര്‍ അരണാട്ടുകര പല്ലിശ്ശേരി വീട്ടില്‍ ഷിജോ പോളി(45)നെയുമാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

1.66 ലക്ഷം രൂപ തട്ടിച്ചുവെന്ന രണ്ടുപേരുടെ പരാതികളിലാണ് അറസ്റ്റ്. എന്നാല്‍, കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയെന്നാണ് പോലീസ് നിഗമനം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പരാതികളാണ് പോലീസിന് ലഭിക്കുന്നത്. ഇവര്‍ക്ക് ആകെ 35,000 നിക്ഷേപകരുണ്ടെന്നാണ് ഏകദേശകണക്ക്.

ടോള്‍ ഡീല്‍ വെന്‍ച്വേര്‍സ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപങ്ങള്‍ക്ക് ഇരട്ടിപ്പണം ലാഭവിഹിതമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാണ് ഇത്രയും ലാഭം ഉണ്ടാക്കുന്നതെന്നായിരുന്നു വാദം. മൊബൈല്‍ ആപ്ലിക്കേഷനുകള്‍, വെബ്സൈറ്റുകള്‍ എന്നിവയും തട്ടിപ്പിനായി പ്രയോജനപ്പെടുത്തി. പുതിയ ആളുകളെ ചേര്‍ക്കുന്നതനുസരിച്ച് വരുമാനവര്‍ധനയും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. 2018-ല്‍ ആണ് തട്ടിപ്പ് ആരംഭിച്ചത്.