വടക്കഞ്ചേരി ബസ് അപകടം; മരിച്ച ഒമ്പത് പേരെ തിരിച്ചറിഞ്ഞു

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റും, വടക്കഞ്ചേരി യൂണിറ്റും, ക്രിറ്റിക്കല്‍കെയര്‍ എമര്‍ജന്‍സി ടീം അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റര്‍ അവറ്റിസ് ഹോസ്പിറ്റല്‍, ക്രസന്റ് ഹോസ്പിറ്റല്‍, പാലക്കാട് ഡിസ്റ്റിക് ഹോസ്പിറ്റല്‍, ആലത്തൂര് താലൂക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്.

അതേസമയം യാത്ര പുറപ്പെട്ടത് മുതല്‍ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ബസിന് വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പരിചയ സമ്പന്നയായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടി. എണ്‍പത് കിലോമീറ്റര്‍ വേഗതയിലാണ് ബസ് ഓടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.