അനധികൃത പാറമട : പ്രവർത്തനം സ്തംഭിപ്പിച്ച് പഞ്ചായത്ത് അധികൃതരും പ്രദേശവാസികളും

അനധികൃത പാറമട : പ്രവർത്തനം സ്തംഭിപ്പിച്ച് പഞ്ചായത്ത് അധികൃതരും പ്രദേശവാസികളും

മൂവാറ്റുപുഴ : എട്ട് വർഷക്കാലമായി നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അടഞ്ഞുകിടന്നിരുന്ന പാറമട തുറന്നതിനെതിരെ വൻ പ്രതിഷേധം. പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് പണി നിറുത്തിച്ചു. മുൻപ് കെ-സ്വിഫ്റ്റ് പദ്ധതിയിൽ പ്പെടുത്തി  അനുമതി നേടാൻ ശ്രമിച്ച മഞ്ഞള്ളൂർ പഞ്ചായത്തിലെ വടകോടുള്ള വിവാദ പാറമടയാണ് കഴിഞ്ഞ ദിവസം തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇതേക്കുറിച്ച് നേരത്തേ സൂചന ലഭിച്ചിരുന്നതിനാൽ പഞ്ചായത്തിൽ തിങ്കളാഴ്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഗോപി, രതീഷ് മോഹനൻ എന്നിവരും നാട്ടുകാരും ചേർന്ന് പണി നിറുത്തിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ വാഴക്കുളം പൊലീസിൽ പരാതി നൽകി.