മരോട്ടിച്ചോടിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന നാല് പേർ പിടിയിൽ. മറ്റൂർ വട്ടപ്പറമ്പ് വാഴേലിപറമ്പിൽ കിഷോർ (40), തുറവൂർ തെക്കിനേടത്ത് സനു (34), ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജു (26), തുറവൂർ തേലപ്പിള്ളയിൽ ജോബി (48) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17 ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് ഹോട്ടലിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന പൈനാടത്ത് ദേവസിക്കുട്ടി എന്നയാളെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയും കണ്ണിൽ മുളക് പൊടിയെറിഞ്ഞ് സ്വർണ്ണാഭരണവും പണവും കവർന്ന് കടന്നു കളയുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മഞ്ഞപ്രയിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ വിൽപന നടത്തിയ സ്വർണ്ണം ഉരുക്കിയ നിലയിൽ കണ്ടെടുത്തു. ഒന്നാം പ്രതി കിഷോർ ഇരുപതോളം കേസിൽ പ്രതിയാണ്. എസ്.എച്ച്.ഒ അരുൺ കെ.പവിത്രൻ എസ്.ഐമാരായ ടി.ബി ബിബിൻ, വിപിൻ.പി.പിള്ള സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.പി അനിൽകുമാർ, മനോജ് കുമാർ, ഷിജോ പോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.