അഞ്ച് മത്സരങ്ങൾ, അഞ്ചിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം ; കലോത്സവ വേദിയിൽ മിന്നും താരമായി അൽദ ഖദീജ ഉറുദു ഗസൽ മുതൽ മാപ്പിളപ്പാട്ട് വരെ മികവ് ; പട്ടുറുമാലിലെ സൂപ്പർ 24 - ലും ഇടം നേടി തിരഞ്ഞെടുപ്പ് പ്രചാരണ ഗാനരംഗത്തും ശ്രദ്ധേയ സാന്നി

മൂവാറ്റുപുഴ : മൂവാറ്റുപുഴ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത അഞ്ച് മത്സരങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയ നേട്ടവുമായി പായിപ്ര സ്വദേശിനിയായ അൽദ ഖദീജ. സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കി കലാരംഗത്തെ മികവുകൊണ്ട് ഇതിനോടകം ശ്രദ്ധേയയാകുകയാണ്.

ഉറുദു ഗസൽ, ലളിതഗാനം, മാർഗംകളി, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിലാണ് അൽദ ഖദീജ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് മത്സരങ്ങളിലും ഒരുപോലെ മികവ് തെളിയിക്കാനായത് കലോത്സവത്തിലെ ശ്രദ്ധേയ നേട്ടമായി.


കൈരളി ടി.വി. സംപ്രേഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയായ 'പട്ടുറുമാൽ' പരിപാടിയിൽ സൂപ്പർ 24 വരെ എത്താനും അൽദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജി.എസ്. പ്രദീപ് നേതൃത്വം നൽകുന്ന ഓൺലൈൻ ചാനലായ നമ്മൾ മീഡിയ സംഘടിപ്പിച്ച 'വയലാർ ഗാനോത്സവം' പരിപാടിയിലും സമ്മാനാർഹയായി.


സംഗീതരംഗത്ത് മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണ ഗാനരംഗത്തും അൽദ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 ഓളം മണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി ഗാനങ്ങൾ ആലപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 60 ഓളം മണ്ഡലങ്ങളിലും ഗാനങ്ങൾ ആലപിച്ച് ജനശ്രദ്ധ നേടാനും ഈ മിടുക്കിക്ക് കഴിഞ്ഞു.


പായിപ്ര സ്വദേശിയായ പി.ആർ. ഷിനാജിന്റെയും ജെസ്നയുടെയും മൂത്ത മകളാണ് അൽദ ഖദീജ. പഠനത്തോടൊപ്പം സംഗീതരംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന അൽദയുടെ വിജയത്തിൽ നാടിനും വിദ്യാലയത്തിനും അഭിമാനിക്കാം.