മൂവാറ്റുപുഴയിൽ MLA യുടെ നേതൃത്വത്തിൽ മഹാ പഞ്ചായത്ത്

മൂവാറ്റുപുഴയിൽ MLA യുടെ നേതൃത്വത്തിൽ മഹാ പഞ്ചായത്ത് ഒരുങ്ങുന്നു.

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരമാരുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ. ഇതിനായി മഹാ പഞ്ചായത്തുകൾ നടത്തി ജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കാനും ശാശ്വത പരിഹാരമുണ്ടാക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

മൂവാറ്റുപുഴ നിർമല ഹയർ സെക്കൻ്ററി സ്കൂളിലാണ് ശനിയാഴ്ച ആദ്യ മഹാ പഞ്ചായത്ത് നടക്കുന്നത്.

മൂന്നു മാസത്തിലൊരിക്കൽ മുൻകൂട്ടി തീരുമാനിച്ച തിയതികളിൽ പഞ്ചായത്തുകൾ തോറും മഹാ പഞ്ചായത്തും ആവശ്യമെങ്കിൽ തുടർ പഞ്ചായത്തും നടത്താനാണ് തീരുമാനം. മഹാ പഞ്ചായത്ത് പരിപാടിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ശനിയാഴ്ച ജില്ല കലക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യും.

മണ്ഡലത്തിലെ ഒരോ പഞ്ചായത്തുകകൾക്കും പ്രത്യേകം മുറികളിലായാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ 12 മുറികളിലേക്ക് വേണ്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അതാത് പഞ്ചായത്തുകളിലെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ടാകും. താലൂക്ക് തലത്തിൽ തീർപ്പാക്കാൻ കഴിയാവുന്ന പരാതികളിൽ ഉടനടി തന്നെ തീരുമാനം എടുക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ബാക്കിയുള്ള പരാതികളിൽ നിന്ന് എം.എൽ.എ നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥ തലത്തിൽ തുടർ തീരുമാനങ്ങൾ ഉണ്ടാക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം പരാതികളുടെ തുടർ നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എ ഓഫീസ് നേരിട്ട് ഇടപെടും.

മഹാ പഞ്ചായത്ത് കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ മേധാവികളുടെ സാന്നിധ്യം കൂടി ഉറപ്പുവരുത്തും. അതാത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും അതാത് കൗണ്ടറുകളിൽ സേവനം നൽകും.

എല്ലാ മാസവും ഓരോ പഞ്ചായത്തുകൾ തോറും എം.എൽ.എ നേരിട്ടെത്തുന്ന തുടർ പഞ്ചായത്തുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ വാക്കുകളിൽ നിന്നും ഉദിച്ച ആശയമാണ് മഹാപഞ്ചായത്തെന്നും ജനങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരാനും സങ്കടങ്ങളില്‍ കൈത്താങ്ങായി ഒപ്പം നില്‍ക്കാനുമുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് മഹാപഞ്ചായത്തെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വ്യക്തമാക്കി. നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്കു സര്‍ക്കാരുമായി ബന്ധപ്പെട്ടു ലഭിക്കേണ്ടതായ സേവനങ്ങള്‍ ലഭിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും സഹായകമാകുന്ന രീതിയിലുള്ള ഔദ്യോഗിക ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ പഞ്ചായത്ത് തിരിച്ചു പ്രത്യകം കൗണ്ടറുകളിലായി ജനങ്ങള്‍ക്കു പരാതികള്‍ സമര്‍പ്പിക്കുന്നതിനും ,കിട്ടിയ പരാതികള്‍ക്ക് രജിസ്റ്റര്‍ നമ്പറുകള്‍ നല്‍കി സ്വീകരിച്ച ശേഷം അവ ഏത് അധികാരികള്‍ക്ക് / ഏതു ഓഫീസില്‍ നിന്നുമാണോ സേവനങ്ങള്‍ ലഭ്യമാകേണ്ടത് എന്നതില്‍ കൃത്യത വരുത്തും. പരാതി നിവൃത്തിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തി അത് ഓരോരുത്തരെയും അറിയിക്കുവാനും സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു. .

രാവിലെ ഒമ്പതുമുതല്‍ തുടങ്ങുന്ന പരാതി സ്വീകരണ യജ്ഞത്തില്‍ ഏവര്‍ക്കും അവരുടെ പരാതികളും പ്രശ്‌നങ്ങളും എം.എൽ.എക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലും അവതരിപ്പിക്കാനാകും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രശ്‌നങ്ങള്‍, ലൈഫ് പദ്ധതി, ദുരിതാശ്വാസ ഫണ്ടുകള്‍, പിഎംഎം മിഷന്റെ വീടുകള്‍ എന്നിവയ്ക്കാണ് മുഖ്യ പരിഗണന നൽകുക. ഇതിനു പുറമേ ലഭിക്കുന്ന അപേക്ഷകളിലെല്ലാം ആവലാതിക്കാർക്ക് അനുകൂലമായ തീരുമാനമുണ്ടാക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും. പരിപാടിയുടെ നടത്തിപ്പിനായി മൂവാറ്റുപുഴ നിർമ്മല കോള് എച്ച് ആർ ഡിപ്പാർട്ട്മെന്റിലേയും എൻ എസ് യൂണിറ്റിലേയും രാജഗിരി കോളേജിലെയും അടക്കം വോളന്റിയർ ഷിപ്പിനുള്ള 50വിദ്യാർത്ഥികളുടെ സേവനവും കോളേജ് അധിക്യതർ വിട്ടു നൽകിയിട്ടുണ്ട്. .