നായകനായിരിക്കേ 2007 ലോകകപ്പില്‍ തലതാഴ്ത്തി മടങ്ങിയ അതേ മണ്ണില്‍ കിരീട നേട്ടവുമായി രാഹുല്‍ ദ്രാവിഡെന്ന പരിശീലകന്റെ പ്രായശ്ചിത്തം. മാസങ്ങള്‍ക്കു മുമ്പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ നിരാശയോടെ മടങ്ങിയ രോഹിത് ശർമയും സംഘവും കരീബിയൻ മണ്ണില്‍ ടി20 ലോകകപ്പ് ഉയർത്തിയിരിക്കുന്നു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരം ജസ്പ്രീത് ബുംറയെ കൊണ്ടുവന്ന ബൗളിങ് മാറ്റത്തിലൂടെയും അവസാന ഓവറില്‍ മില്ലറെ പുറത്താക്കിയ തകർപ്പൻ ക്യാച്ചിലൂടെയും ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.
സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം അടങ്ങിയ ഇന്ത്യയുടെ സുവർണ നിരയ്ക്കും ഐ.സി.സി. ട്രോഫി എന്നത് ദീർഘനാള്‍ കിട്ടാക്കനിയായിരുന്നു. സച്ചിന് 2011 - ല്‍ ലോകകപ്പ് നേടാൻ ഭാഗ്യമുണ്ടായെങ്കിലും ഗാഗുലിക്കും ദ്രാവിഡിനും ഓർക്കാനുള്ളത് 2002 - ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി കിരീടം ശ്രീലങ്കയ്ക്കൊപ്പം പങ്കുവെച്ചത് മാത്രമാണ്. പിന്നീട് 2007- ല്‍ ധോനിയുടെ നേതൃത്വത്തിലുള്ള യുവനിര പ്രഥമ ടി20 കിരീടത്തില്‍ മുത്തമിട്ടു. പിന്നാലെ 2011- ല്‍ ഏകദിന ലോകകപ്പും , 2013- ല്‍ ചാമ്പ്യൻസ് ട്രോഫിയും ടീം നേടിയതും ധോനിക്ക് കീഴില്‍ തന്നെ. എന്നാല്‍ ഒരുപറ്റം മികച്ച താരങ്ങളുണ്ടായിട്ടും പിന്നീട് ഇക്കാലം വരെ ഒരു കിരീടമെന്നത് ടീമിനും ആരാധകർക്കും സ്വപ്നമായി തന്നെ അവശേഷിക്കുകയായിരുന്നു. എം.എസ് ധോനിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ അതികായൻ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു ഐസിസി ട്രോഫി ഇന്ത്യയ്ക്ക് കിട്ടാക്കനിയായിരുന്നു. ഒടുവില്‍ കപില്‍ ദേവിനും ധോനിക്കും ശേഷം ലോകകപ്പുയർത്തുന്ന നായകനായി മാറിയിരിക്കുന്നു രോഹിത്. കണ്ണീരും നിരാശയും മാത്രം പെയ്തൊഴിഞ്ഞ മാസങ്ങള്‍ക്കു മുമ്പത്തെ ആ രാത്രി പിന്നിട്ട് ഇന്ത്യയും രോഹിത്തും ആഹ്ലാദത്തോടെ ഈ രാവിനെ സ്വീകരിക്കുന്നു.
2014 ട്വന്റി 20 ലോകകപ്പ് ഫൈനല്‍
2013 - ല്‍ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി നേടിയതിന്റെ ആവേശമടങ്ങും മുമ്പുതന്നെ ഇന്ത്യ മറ്റൊരു ഐ.സി.സി. ടൂർണമെന്റില്‍ സ്വപ്നസമാനമായ കുതിപ്പ് നടത്തി. ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച 2014 - ലെ ടി20 ലോകകപ്പായിരുന്നു അത്. 10 ടീമുകള്‍ പങ്കെടുത്ത ആ ടൂർണമെന്റില്‍ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ച ഏക ടീം ഇന്ത്യയായിരുന്നു. സെമിയില്‍ 44 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ആരാധകർ കിരീടമുറപ്പിച്ച ഫൈനലില്‍ പക്ഷേ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടവുമായി മടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നാലു വിക്കറ്റിന് 130 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 58 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത് കോലി ഫോം തുടർന്നെങ്കിലും 21 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമെടുത്ത യുവ്രാജ് സിങ്ങിന്റെ ബാറ്റിങ് ഇന്ത്യയ്ക്ക് പ്രതികൂലമായി. മറുപടി ബാറ്റിങ്ങില്‍ കുമാർ സംഗക്കാര 35 പന്തില്‍ 52 റണ്‍സടിച്ചതോടെ ലങ്ക നാലു വിക്കറ്റിന് ജയിച്ചുകയറി.
2015 ഏകദിന ലോകകപ്പ് സെമി
ഓസ്ട്രേലിയയലും ന്യൂസീലൻഡിലുമായി നടന്ന 2015 ലോകകപ്പിലും തുടർജയങ്ങളുമായി ഇന്ത്യ കിരീട പ്രതീക്ഷയുണർത്തിയിരുന്നു. പാകിസ്താനെയും ദക്ഷിണാഫ്രിക്കയേയും യുഎഇയേയും വെസ്റ്റിൻഡീസിനെയും അയർലൻഡിനെയും സിംബാബ്വെയേയും തകർത്ത് മുന്നേറിയ ഇന്ത്യയ്ക്ക് ക്വാർട്ടറില്‍ ബംഗ്ലാദേശായിരുന്നു എതിരാളികള്‍. രോഹിത് ശർമയുടെ ആദ്യ ലോകകപ്പ് സെഞ്ചുറി മികവില്‍ ബംഗ്ലാദേശിനെ 109 റണ്‍സിന് തകർത്ത് സെമിയിലേക്ക് മുന്നേറിയ ഇന്ത്യ പക്ഷേ ഓസീസിനു മുന്നില്‍ വീണു. ഫൈനല്‍ ബർത്ത് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കെതിരേ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ ( 105 ) മികവില്‍ ഓസീസ് ഏഴിന് 328 റണ്‍സെടുത്തു. മറുപടിയായി ഇന്ത്യയുടെ പോരാട്ടം 46.5 ഓവറില്‍ 233 - ല്‍ അവസാനിച്ചു. തുടർച്ചയായി ഏഴു മത്സരങ്ങള്‍ ജയിച്ചെത്തി എട്ടാം മത്സരത്തില്‍ ഓസീസിനു മുന്നില്‍ കാലിടറി.
2016 ട്വന്റി 20 ലോകകപ്പ് സെമി
സ്വന്തം നാട്ടില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെയായിരുന്നു. നാഗ്പുരില്‍ നടന്ന ആദ്യ മത്സരത്തില്‍ തന്നെ ന്യൂസീലൻഡിനോട് 47 റണ്‍സിന് തോറ്റു. 127 റണ്‍സെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 79 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ പാകിസ്താനെയും മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെയും നാലാം മത്സരത്തില്‍ ഓസ്ട്രേലിയയേതും കീഴടക്കി ഇന്ത്യ സെമിയിലേക്ക് മുന്നേറി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ഒരു റണ്ണിന്റെ ആവേശ ജയം നേടിയതും ഈ ടൂർണമെന്റിലായിരുന്നു. അവസാന പന്തില്‍ ജയിക്കാൻ ഒരു റണ്‍വേണമെന്നിരിക്കേ മുസ്തഫിസുർ റഹ്മാനെ വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തി റണ്ണൗട്ടാക്കിയ ക്യാപ്റ്റൻ എം.എസ് ധോനിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. സെമിയില്‍ പക്ഷേ വിൻഡീസിനു മുന്നില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. രോഹിത് ശർമയും ( 43 ) , അജിങ്ക്യ രഹാനെയും ( 40 ) , വിരാട് കോലിയും ( 89* ) തിളങ്ങിയ സെമിയില്‍ രണ്ട് വിക്കറ്റിന് 192 റണ്‍സ് അടിച്ചെടുത്ത ഇന്ത്യ ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളില്‍ 19 റണ്‍സിനിടെ ക്രിസ് ഗെയ്ല്‍ , മർലോണ്‍ സാമുവല്‍സ് എന്നീ വെടിക്കെട്ട് വീരൻമാരെ മടക്കി ഇന്ത്യ ജയം സ്വപ്നം കണ്ടതുമാണ്. പക്ഷേ ജോണ്‍സണ്‍ ചാള്‍സും ( 52 ) , ലെൻഡ്ല്‍ സിമ്മണ്‍സും ( 82* ) , ആന്ദ്രേ റസ്സലും ( 43* ) തകർത്തടിച്ചതോടെ രണ്ട് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യൻ പ്രതീക്ഷകളെ തല്ലിത്തകർത്ത് വിൻഡീസ് ഫൈനലിലേക്ക് മുന്നേറി. ഇന്ത്യയ്ക്ക് വീണ്ടുമൊരു നിരാശനിറഞ്ഞ ടൂർണമെന്റ്.
2017 ചാമ്പ്യൻസ് ട്രോഫി ഫൈനല്‍
ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പ്രധാന മാറ്റത്തിനു ശേഷമാണ് ടീം 2017 - ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിക്കെത്തുന്നത്. എം.എസ്. ധോനിയില്‍ നിന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോലി എന്ന പിൻഗാമിയിലേക്ക് അതിനോടകം എത്തിയിരുന്നു. പുതിയ നായകന് കീഴില്‍ സുപ്രധാന ടൂർണമെന്റിലേക്ക്. ആദ്യ മത്സരത്തില്‍ തന്നെ ചിരവൈരികളായ പാകിസ്താനെ 124 റണ്‍സിന് തകർത്ത് തുടക്കം. മഴ കളിക്ക് തടസം സൃഷ്ടിച്ച മത്സരത്തില്‍ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ജയം. പക്ഷേ തൊട്ടടുത്ത മത്സരത്തില്‍ ശ്രീലങ്കയോട് ഏഴു വിക്കറ്റിന്റെ തോല്‍വി. എന്നാല്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് കീഴടക്കിയതോടെ ഫൈനലിലേക്ക്. കലാശപ്പോരില്‍ എതിരാളികള്‍ ചിരവൈരികളായ പാകിസ്താനായതോടെ ആവേശം ഇരട്ടിച്ചു. പക്ഷേ 2017 ജൂണ്‍ 18 - ന് ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ഇന്ത്യയ്ക്ക് പിഴച്ചു. ബുംറയുടെ ഒരു നോബോള്‍ മത്സരത്തിന്റെ ഫലം തന്നെ നിർണയിച്ച കളിയായിരുന്നു അത്. ഓപ്പണർ ഫഖർ സമാന്റെ സെഞ്ചുറിയും ( 114 ) , അസ്ഹർ അലി ( 59 ) , ബാബർ അസം ( 46 ) , മുഹമ്മദ് ഹഫീസ് ( 57 ) എന്നിവരുടെ ഇന്നിങ്സുകളും ചേർന്നതോടെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ അടിച്ചെടുത്തത് 338 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ മുൻനിര ഇടംകൈയൻ പേസർ മുഹമ്മദ് ആമിറിന് മുന്നില്‍ തകർന്നടിഞ്ഞു. മൂന്നാം പന്തില്‍ രോഹിത്തും, മൂന്നാം ഓവറില്‍ കോലിയും , ഒമ്പതാം ഓവറില്‍ ശിഖർ ധവാനും ആമിറിന് മുന്നില്‍ വീണതോടെ ടീം പതറി. ഹാർദിക് പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടം പ്രതീക്ഷ നല്‍കിയെങ്കിലും ഒടുവില്‍ ജഡേജയുമായുള്ള ധാരണപ്പിശകില്‍ പാണ്ഡ്യ റണ്ണൗട്ടായതോടെ ഇന്ത്യൻ പോരാട്ടം 158 റണ്‍സില്‍ അവസാനിച്ചു. തുടർച്ചയായ നാലാം ഐ.സി.സി. ടൂർണമെന്റിലും ഇന്ത്യയ്ക്ക് നിരാശ.
2019 ഏകദിന ലോകകപ്പ് സെമി
ലോകകപ്പിന്റെ 12-ാം പതിപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഇന്ത്യ തന്നെയായിരുന്നു ടൂർണമെന്റ് ഫേവറിറ്റുകള്‍. രോഹിത് , ധവാൻ , കോലി , രാഹുല്‍ , ധോനി , ഹാർദിക് , ഭുവനേശ്വർ കുമാർ , ബുംറ , കുല്‍ദീപ് , ചാഹല്‍ എന്നിവരടങ്ങിയ ഇന്ത്യൻ ടീം എല്ലാ മേഖലകളിലും ശക്തരായിരുന്നു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകർത്തായിരുന്നു തുടക്കം. രണ്ടാം മത്സരത്തില്‍ ഓസീസിനെതിരേ 36 റണ്‍സിന് ജയിച്ചു. ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെ പാകിസ്താൻ , അഫ്ഗാനിസ്താൻ , വെസ്റ്റിൻഡീസ് , ബംഗ്ലാദേശ് , ശ്രീലങ്ക ടീമുകള്‍ക്കെതിരേയും ജയം. ഇതിനിടെ ഇംഗ്ലണ്ടിനു മുന്നില്‍ 31 റണ്‍സിന്റെ തോല്‍വി. സെമി ബർത്തിന് പക്ഷേ ആ തോല്‍വി തടസമായില്ല. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ ശിഖർ ധവാന് പരിക്കേറ്റത് ആശങ്കയായിരുന്നു. എന്നാല്‍ രോഹിത്തിനൊപ്പം കെ.എല്‍ രാഹുല്‍ ഓപ്പണിങ് സ്ലോട്ടില്‍ തിളങ്ങിയതോടെ ഇന്ത്യ അത് മറികടന്നു. പക്ഷേ രാഹുല്‍ ഓപ്പണിങ്ങിലേക്ക് വന്നതോടെ മധ്യനിരയുടെ കരുത്ത് ചോർന്നു. ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടി റെക്കോഡിട്ട രോഹിത് ശർമയുടെ തകർപ്പൻ ഫോം ഇന്ത്യൻ മുന്നേറ്റത്തില്‍ നിർണായകമായിരുന്നു. തുടർച്ചയായ അർധ സെഞ്ചുറികളുമായി ക്യാപ്റ്റൻ കോലിയും തിളങ്ങി. എന്നാല്‍ ടീമിന് പിഴച്ചത് ന്യൂസീലൻഡിനെതിരായ സെമിയിലായിരുന്നു. മഴ മൂലം രണ്ടു ദിവസമായാണ് മത്സരം പൂർത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 239 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ഇന്ത്യൻ ആരാധകർ ആഹ്ലാദംപൂണ്ടു. പക്ഷേ മറുപടി ബാറ്റിങ്ങില്‍ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യ 31 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ധോനിയും ജഡേജയും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. ഏഴാം വിക്കറ്റില്‍ ഇരുവരും 104 പന്തില്‍ നിന്ന് 116 റണ്‍സ് കൂട്ടിച്ചേർത്തു. 59 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ജഡേജ മടങ്ങിയതോടെ ധോനിയിലായി ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ ഗുപ്റ്റിലിന്റെ ഒരു ത്രോ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. 72 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ധോനി റണ്ണൗട്ട്. ഇന്ത്യൻ ജേഴ്സിയില്‍ അദ്ദേഹത്തിന്റെ അവസാന മത്സരം കൂടിയായിരുന്നു അത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാണികള്‍ ഇന്ത്യയുടെ മറ്റൊരു ഐ.സി.സി. ടൂർണമെന്റ് ട്രാജഡിക്കു കൂടി സാക്ഷികളായി.
2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍
2019 - 2021 ടെസ്റ്റ് ചാമ് |മ്യൻഷിപ്പില്‍ നാട്ടിലും വിദേശത്തും മികച്ച വിജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ന്യൂസീലൻഡായിരുന്നു എതിരാളികള്‍. വീണ്ടുമൊരിക്കല്‍ കൂടി ഒരു ഐ.സി.സി. ടൂർണമെന്റില്‍ ന്യൂസീലൻഡിനു മുന്നില്‍ കീഴടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. സതാംപ്ടണില്‍ നടന്ന ഫൈനലില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 217 - ന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസണായിരുന്നു ഇന്ത്യയെ തകർത്തത്. മറുപടിയായി ഒന്നാം ഇന്നിങ്സില്‍ ന്യൂസീലൻഡ് 249 റണ്‍സെടുത്ത് 32 റണ്‍സിന്റെ നിർണായക ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ വെറും 170 റണ്‍സിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചതോടെ കിവീസിന് ജയത്തിലേക്ക് വഴിതെളിഞ്ഞു. ജയിക്കാനാവശ്യമായ 139 റണ്‍സ് രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് സ്വന്തമാക്കി. ഒപ്പം ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ട്രോഫിയും. ജാമിസണായിരുന്നു കളിയിലെ താരം.
2021 ടി20 ലോകകപ്പ്
ഒക്ടോബർ 17 മുതല്‍ നവംബർ 14 വരെ യു.എ.ഇ. ആയിരുന്നു 2021-ലെ ടി20 ലോകകപ്പിന് വേദിയായത്. 2020-ല്‍ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിരാശ നിറഞ്ഞ ടൂർണമെന്റ് കൂടിയായിരുന്നു അത്. ആദ്യ മത്സരത്തില്‍ തന്നെ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റു. ലോകകപ്പ് വേദിയില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ തോല്‍വി. രണ്ടാം മത്സരത്തില്‍ കിവീസിനു മുന്നിലും വീണതോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങി. അഫ്ഗാനിസ്താൻ, സ്കോട്ട്ലൻഡ്, നമീബിയ എന്നിവർക്കെതിരായ ജയം ഇന്ത്യയെ സെമിയിലെത്താൻ തുണച്ചില്ല. ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് നിരാശയുടെ ഐ.സി.സി. ടൂർണമെന്റ്.
2022 ടി20 ലോകകപ്പ് സെമി
2021 ടി20 ലോകകപ്പിന്റെ നിരാശ മാറും മുമ്പ് ' തന്നെ തൊട്ടടുത്ത വർഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ഇന്ത്യയെത്തി. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോലിയില്‍ നിന്ന് രോഹിത് ശർമയിലേക്ക് എത്തിയ ശേഷമുള്ള ആദ്യ പ്രധാന ടൂർണമെന്റ് കൂടിയായിരുന്നു അത്. ആദ്യ മത്സരത്തില്‍ ഇത്തവണയും എതിരാളികള്‍ പാകിസ്താൻ തന്നെ. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വിരാട് കോലി തന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ വിജയത്തിലെത്തിച്ച മത്സരം കൂടിയായിരുന്നു ഇത്. തൊട്ടടുത്ത മത്സരത്തില്‍ നെതർലൻഡ്സിനെയും പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വീണു. പിന്നാലെ ബംഗ്ലാദേശിനെയും സിംബാബ്വെയേയും തകർത്ത് സെമിയിലേക്ക്. ഇത്തവണ സെമിയില്‍ ഇന്ത്യയ്ക്ക് വിലങ്ങുതടിയായത് ഇംഗ്ലണ്ടായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റിന് നേടാനായത് 168 റണ്‍സ് മാത്രം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെയും അലക്സ് ഹെയ്ല്‍സിന്റെയും ഇന്നിങ്സുകളുടെ മികവില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വെറും 16 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്ക് നിരാശയുടെ മറ്റൊരു ഐ.സി.സി. ടൂർണമെന്റ്.
2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍
ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. ദക്ഷിണാഫ്രിക്കയ്ക്കതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്ബര നഷ്ടമൊഴിച്ചുനിർത്തിയാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയ മറ്റൊരു ടീമും ഉണ്ടായിരുന്നില്ല. മികച്ച പരമ്പര വിജയങ്ങളോടെ ഇന്ത്യ ഫൈനലിന്. 2023 ജൂണ്‍ ഏഴു മുതല്‍ ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ നടന്ന കലാശപ്പോരില്‍ ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ടോസ് നേടിയിട്ടും ഓസീസിനെ ആദ്യം ബാറ്റിങ്ങിന് വിട്ട ഇന്ത്യയ്ക്ക് പിഴച്ചു. സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും സെഞ്ചുറിയുമായി തിളങ്ങിയതോടെ ഒന്നാം ഇന്നിങ്സില്‍ ഓസീസ് അടിച്ചെടുത്തത് 469 റണ്‍സ്. മറുപടിയായി ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 296 റണ്‍സില്‍ ഓള്‍ഔട്ടായി. അജിങ്ക്യ രഹാനെയുടെയും ശാർദുല്‍ താക്കൂറിന്റെയും അർധ സെഞ്ചുറികളും രവീന്ദ്ര ജഡേജയുടെ അർധ സെഞ്ചുറിയോളം പോന്ന ഇന്നിങ്സുമാണ് ( 48 ) ഇന്ത്യയെ 296 - ല്‍ എങ്കിലും എത്തിച്ചത്. 173 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് തന്നെ ഓസീസിന് മേല്‍ക്കൈ നല്‍കിയിരുന്നു. എട്ടു വിക്കറ്റിന് 270 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഓസീസ് ഇന്ത്യയ്ക്ക് മുന്നില്‍വെച്ചത് 444 റണ്‍സ് വിജയലക്ഷ്യം. സമനിലയ്ക്കായി പോലും ശ്രമിക്കാനാകാതെ 234 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് തോല്‍വി.
2023 ഏകദിന ലോകകപ്പ് ഫൈനല്‍
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നല്‍കിയ നിരാശയില്‍ നിന്ന് മുക്തരാകും മുമ്പാണ് ഇന്ത്യ സ്വന്തം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിനിറങ്ങിയത്. ടൂർണമെന്റിനു മുമ്പ് നിരവധി ആശങ്കകളുണ്ടായിരുന്നെങ്കിലും ടൂർണമെന്റ് ആരംഭിച്ചതോടെ സ്വപ്നസമാനമായ കുതിപ്പായിരുന്നു ഇന്ത്യയുടേത്. ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരേ തുടങ്ങിയ വിജയക്കുതിപ്പ് കണ്ട് ആരാധകരും ആ കിരീടം ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അഹമ്മദാബാദിലെ നവംബർ 19 - ലെ രാത്രി ഇന്ത്യയുടേതായിരുന്നില്ല. 10 മത്സരങ്ങള്‍ നീണ്ട ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഫൈനലില്‍ ഓസീസ് തടയിട്ടു. ഐ.സി.സി. ടൂർണമെന്റുകളില്‍ പകരംവെയ്ക്കാനാകാത്ത ശക്തിയാണ് തങ്ങളെന്ന് ഓസീസ് ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. അഹമ്മദാബാദില്‍ നടന്ന കലാശപ്പോരില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഓസ്ട്രേലിയയോട് ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അർധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ റണ്‍സ് കണ്ടത്താൻ ഇന്ത്യൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടി. ആ ടൂർണമെന്റില്‍ ഇന്ത്യ ആദ്യമായി ഓള്‍ഔട്ടാകുന്നതും ഫൈനലിലായിരുന്നു. 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ൻ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു.