സിദ്ധീഖിന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം : മഞ്ജു പിള്ള ഏറ്റവും പിറകിലായി , ബാബു രാജിനോട് തോറ്റ് അനൂപ് ചന്ദ്രന്

കൊച്ചി : താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്‍ സിദ്ധീഖ് തിരഞ്ഞെടുക്കപ്പെട്ടു. കാല്‍ നൂറ്റാണ്ടിലേറെയായി സംഘടനയുടെ തലപ്പത്തുണ്ടായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതോടെയായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

വന്‍ഭൂരിപക്ഷത്തിലാണ് സിദ്ധീഖ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് വിവരം. സംഘടനയുടെ 30 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായത്.


ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമായിരുന്നു സിദ്ധീഖിന്റെ എതിരാളികള്‍. എന്നാല്‍ ഇരുവർക്കും സിദ്ധിഖിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താന്‍ സാധിച്ചിരുന്നില്ല. ബാബു രാജിനെ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്കും ജഗദീഷ് , ജയന്‍ ചേർത്തല എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജുപിള്ളയ്ക്ക് കുറച്ച്‌ വോട്ട് മാത്രമേ ലഭിച്ചുള്ളു. ഇതോടെ നടി പരാജയപ്പെട്ടു.


ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജും അനൂപ് ചന്ദ്രനുമായിരുന്നു മത്സരിച്ചത്. ചില ഇടത് സംഘടനകളുമായി അടുപ്പമുള്ള വ്യക്തി കൂടിയാണ് അനൂപ് ചന്ദ്രന്‍. ഈ സാഹചര്യത്തില്‍ ഇടത് സംഘടനകളിലെ ചിലനേതാക്കള്‍ പുറത്തു നിന്നു കൊണ്ട് ഇദ്ദേഹത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ബാബു രാജിന് വിജയം കരസ്ഥമാക്കാന്‍ സാധിച്ചു.


സംഘടനയുടെ പ്രസിഡന്റ് പദവിയിലേക്ക് മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും നേരത്ത എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ പദവി ഒഴിയണമെന്ന നിലപാടിലായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഒഴിയുകയാണെങ്കില്‍ ഔദ്യോഗിക പക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടുവെച്ചതും സിദ്ധീഖിനെയായിരുന്നു.


സിദ്ധീഖ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന സൂചന ഉണ്ടായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും അനൂപ് ചന്ദ്രനും ജയൻ ചേർത്തലയും പത്രിക നല്‍കിയതായി വാർത്തയുണ്ടായിരുന്നു. എന്നാല്‍ അധ്യക്ഷ പദവിയില്‍ തുടരാന്‍ കടുത്ത സമ്മർദ്ദം ഉണ്ടായതോടെ മോഹന്‍ലാല്‍ അതിന് വഴങ്ങി. മോഹന്‍ലാല്‍ അധ്യക്ഷനായി തുടരും എന്നായതോടെ മറ്റുള്ളവർ എല്ലാവരും പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കുകയാണ്. 11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ , അൻസിബ , ജോയ് മാത്യു , കലാഭവൻ ഷാജോണ്‍ , രമേഷ് പിഷാരടി , റോണി ഡേവിഡ് , സരയു മോഹൻ , സുരാജ് വെഞ്ഞാറമൂട് , സുരേഷ് കൃഷ്ണ , ടിനി ടോം , ടൊവിനോ തോമസ് , വിനു മോഹൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. സംഘടനയിലെ 506 അംഗങ്ങളാണ് തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.