റീലുദ്യോഗസ്ഥർക്ക് നൂറ് നൂറ് ലൈക്ക് ; അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം : തിരുവല്ല നഗരസഭയില്‍ അവധിദിനമായ ഞായറാഴ്ച ജോലിക്കിടെ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാർക്കെതിരേ നടപടി ഉണ്ടാകില്ല.

നടപടിയെടുക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായി മന്ത്രി എം.ബി.രാജേഷ് സാമൂഹികമാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി. അവശ്യഘട്ടങ്ങളില്‍ ഞായറാഴ്ചകളില്‍പ്പോലും ജോലിക്കെത്തുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.


തിരുവല്ല നഗരസഭയില്‍ ജീവനക്കാർ ഉള്‍പ്പെട്ട സോഷ്യല്‍മീഡിയാ റീലിനെപ്പറ്റി ജില്ലാമേധാവി , നഗരസഭാസെക്രട്ടറി എന്നിവരില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. ഞായറാഴ്ചയാണ് റീല്‍ തയ്യാറാക്കിയത്. കാലവർഷക്കെടുതിയില്‍ അടിയന്തരസാഹചര്യമുണ്ടായാല്‍ ഇടപെടുന്നതിന് കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചതെന്നും വ്യക്തമായി.


ജീവനക്കാരുടെ എല്ലാ സർഗാത്മക - സാംസ്കാരിക പ്രവർത്തനങ്ങള്‍ക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. ജോലിയെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. - മന്ത്രി പറയുന്നു.


സർക്കാർ ഓഫീസില്‍ റീല്‍ ചിത്രീകരിച്ചത് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാസെക്രട്ടറി ജീവനക്കാർക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്നുദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ ഇടപെടല്‍. തിരുവല്ല നഗരസഭയിലെ ജീവനക്കാർ ചിത്രീകരിച്ച റീല്‍സില് നിന്ന്.