നാല് മുൻ ചാമ്പ്യന്മാരാണ് മുഖാമുഖം വരുന്നത്. ഫലം തീർത്തും പ്രവചനാതീതമായ ആദ്യ ക്വാർട്ടറില്‍ സ്പെയിനും ആതിഥേയരായ ജർമനിയും ഏറ്റുമുട്ടും. സ്റ്റുട്ട്ഗർട്ടില്‍ എം.എച്ച്.പി അറീനയില്‍ വെള്ളിയാഴ്ച 9.30 നാണ് കളി. 12.30 ന് ഹാംബർഗില്‍ വോള്‍ക്സ്പാർക് സ്റ്റേഡിയത്തില്‍ ഫ്രാൻസും പോർചുഗലും പോരിനിറങ്ങും.
യമാല്‍ Vs ജമാല്‍
തോല്‍വിയറിയാതെ കയറിയെത്തിയവരാണ് സ്പെയിനും ജർമനിയും. കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ഇറ്റലിയും ക്രൊയേഷ്യയും അല്‍ബേനിയയും ആർമഡക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ജോർജിയയായിരുന്നു പ്രീക്വാർട്ടറില്‍ എതിരാളി. ഒരു ഗോള്‍ വഴങ്ങിയ സ്പാനിഷ് പട തിരിച്ചടിച്ചത് നാലെണ്ണം. അവസാന അഞ്ച് യൂറോകളില്‍ നാലിലും സെമി കളിച്ച സ്പെയിൻ ഇത്തവണ ഗ്രൂപ് ഘട്ടത്തില്‍ ക്ലീൻ ചിറ്റ് ലഭിച്ചാണ് മുന്നേറിയത്. നാലു കളികളില്‍ ആകെ വഴങ്ങിയത് ഒരു ഗോള്‍. ഇളമുറക്കാരായ ലമീൻ യമാലും നിക്കൊ വില്യംസും മുന്നേറ്റത്തിലുണ്ടാവും. പരിചയസമ്പന്നരായ ഫെറാൻ ടോറസും ഹൊസേലുവുമൊക്കെ ചേരുമ്പോള്‍ ചെമ്പട അജയ്യരാവും. ഗ്രൂപ് ഘട്ടത്തില്‍ സ്കോട്ട്ലൻഡിനെയും ഹംഗറിയെയും തകർത്ത ജർമനി സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങി. ഡാനിഷ് വെല്ലുവിളി മറികടന്നാണ് അവസാന എട്ടില്‍ സീറ്റ് പിടിച്ചത്. ഇതുവരെ അടിച്ചുകൂട്ടിയത് പത്ത് ഗോളുകള്‍. വന്നുവീണത് രണ്ടെണ്ണം മാത്രം. ഗോളടി വീരന്മാരായ ജമാല്‍ മൂസിയാലയിലും കായ് ഹാവർട്ട്സിലും വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് നാട്ടുകാർ.
ക്രിസ്റ്റ്യാനോയും എംബാപ്പെയും
ഫ്രഞ്ച് ആരാധകരെ അത്ര ആശിപ്പിക്കുന്നതല്ല കിലിയൻ എംബാപ്പെയുടെയും സംഘത്തിന്റെയും പ്രകടനം. ഗ്രൂപ് മത്സരങ്ങളില്‍ നെതർലൻഡ്സിനോടും പോളണ്ടിനോടും സമനില വഴങ്ങിയ ടീം ഓസ്ട്രിയയെ സെല്‍ഫ് ഗോളില്‍ തോല്‍പിച്ചതിന്റെ ബലത്തിലാണ് നോക്കൗട്ടിലെത്തിയത്. കരുത്തരായ ബെല്‍ജിയത്തോട് പ്രീക്വാർട്ടറില്‍ മുട്ടിയപ്പോള്‍ ഓണ്‍ ഗോളില്‍ തന്നെ രക്ഷപ്പെട്ടു. നാല് കളികളില്‍ ടീം നേടിയ മൂന്ന് ഗോളുകളില്‍ രണ്ടെണ്ണം സെല്‍ഫും ഒന്ന് പെനാല്‍റ്റിയുമാണ്. നാലില്‍ മൂന്നിലും ലഭിച്ച ക്ലീൻ ചിറ്റാണ് ആശ്വാസം. ആകെ ഒരു ഗോള്‍ വഴങ്ങിയതും പെനാല്‍റ്റി ആയിരുന്നു.
മറുഭാഗത്ത് , അവസാന യൂറോ കപ്പ് കളിക്കുന്ന ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താളം കണ്ടെത്താൻ വിഷമിക്കുന്നത് തെല്ലൊന്നുമല്ല പോർചുഗലിനെ കുഴക്കുന്നത്. ഇതുവരെ ഒരു ഗോള്‍ പോലും നേടാൻ ക്രിസ്റ്റ്യാനോക്കായിട്ടില്ല. പ്രീക്വാർട്ടറില്‍ സ്ലൊവീനിയക്കെതിരെ നിർണായക പെനാല്‍റ്റി തുലക്കുകയും ചെയ്തു. ഗ്രൂപ് ഘട്ടത്തില്‍ ചെക് റിപ്പബ്ലിക്കിനെയും തുർക്കിയയെയും തോല്‍പിച്ച പറങ്കിപ്പട ജോർജിയയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ഗോള്‍രഹിതമായി അവസാനിച്ച പ്രീക്വാർട്ടറില്‍ ഗോളി ഡിയോഗോ കോസ്റ്റോയുടെ തകർപ്പൻ സേവുകളിലാണ് ടീം രക്ഷപ്പെട്ടത്. കൗമാരക്കാരൻ ജൊആവൊ നെവസടക്കം അണിനിരക്കുന്ന പോർചുഗലിനെ എഴുതിത്തള്ളാനാവില്ല.