നെയ്യാറ്റിൻകര കെയർ ഹോമിലെ നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശം നൽകി.
സംസ്ഥാനത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത് 12 പേർക്ക്. ഇതിൽ 11 പേരും നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളാണ്. രോഗം ബാധിച്ചവർ മെഡിക്കൽ കോളേജിലും ഐരാണിമുട്ടത്തെ ഐസൊലേഷൻ സെൻ്ററിലും ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കെയർ ഹോമിലെ 26 കാരന്റെ മരണം കോളറ മൂലം എന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോളറയിൽ ആശങ്ക വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജകമായി നടക്കുന്നതായി വ്യക്തമാക്കി. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി നിർദേശിച്ചു.
പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണമെന്ന് ഉന്നതല യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു. 24 മണിക്കൂറിനിടെ 12,204 പേർ പനിക്ക് ചികിത്സ തേടി.173 പേർക്ക് ഡെങ്കിയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 44 പേർക്ക് എച്ച് വൺ എൻ വൺ പിടിപെട്ടു. പനി ബാധിച്ച് എട്ടുപേരും മഞ്ഞപ്പിത്തം മൂലം ഒരാളും മരിച്ചു. രണ്ടു മരണങ്ങൾ പനിമൂലം എന്ന് സംശയമുണ്ട്. ഈ മാസം ഇതുവരെ ഒന്നര ലക്ഷത്തിനടുത്ത് ആളുകൾ പനിക്ക് ചികിത്സ തേടി.