പി എസ് സി കോഴ വിവാദം ; പ്രമോദ് കോട്ടൂളിയെ പുറത്താക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനം

കോഴിക്കോട് : പി എസ് സി കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ടൗണ്‍ ഏരിയ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിയെ പുറത്താക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനം.

ജില്ലാ കമ്മിറ്റി യോഗ തീരുമാനം ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഏരിയ കമ്മിറ്റിയിലായിരിക്കും പുറത്താക്കല്‍ സംബന്ധിച്ച് അന്തിമ തീരുമാനം.


വിഷയത്തില്‍ സംസ്ഥാന കമ്മിറ്റിക്കുള്ള അതൃപ്തി യോഗത്തില്‍ രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റിക്ക് വീഴ്ചപറ്റിയെന്നും അഭിപ്രായമുണ്ട്. ജില്ലാ കമ്മിറ്റി യോഗത്തില്‍ ടി പി രാമകൃഷ്ണന്‍ അതൃപ്തി യോഗത്തില്‍ രേഖപ്പെടുത്തി. വിഷയം കൈകാര്യം ചെയ്തതില്‍ ജില്ല നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് അദ്ദേഹം അറിയിച്ചു.


പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം നല്‍കിയിരുന്നു. ഇതു പരിശോധിച്ചാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങള്‍ നേരത്തെ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. അതേസമയം തനിക്കൊന്നും ഒളിച്ച് വെക്കാനില്ലെന്നും എല്ലാം പാര്‍ട്ടിക്ക് അന്വേഷിക്കാമെന്നുമുള്ള നിലപാടിലാണ് പ്രമോദ്. എന്നാല്‍ നടപടിയെടുത്താല്‍ പ്രമോദ് കൂടുതല്‍ ഗുരുതരമായ എന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.


പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രമോദിന്റെ റിയല്‍എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്‍കിട റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ഇയാള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം ചോദിച്ചു. 


പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സസ്പെന്‍ഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലായിരുന്നു എതിര്‍പക്ഷം. ജില്ലാ കമ്മിറ്റിക്ക് ശേഷം നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ പ്രമോദ് കോട്ടൂളി പങ്കെടുക്കും.