ഇന്ത്യൻ ഡിജിറ്റൽ പേമെൻ്റ് സംവിധാനമായ യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി ഇനി ഖത്തറിലും ഷോപ്പിംഗ് നടത്താം.
ഇന്ത്യക്കാർക്ക് തങ്ങളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ് ഉപയോഗിച്ചു തന്നെ ഷോപ്പിംഗ് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പുതിയ നീക്കം.
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും ഗൂഗ്ൾ പേ , ഫോൺ പേ ഉൾപ്പെടെ പേയ്മെൻ്റ് ആപ് വഴി ഇങ്ങനെ രാജ്യത്തുടനീളം പണമിടപാട് നടത്താം. റസ്റ്റാറൻറുകൾ , റീട്ടെയിൽ ഷോപ്പുകൾ , ടൂറിസ്റ്റ് കേന്ദ്രങ്ങൾ , ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ എന്നിവിടങ്ങളിലെല്ലാം സേവനം ലഭ്യമാകും.
ഖത്തറിലെ റീട്ടെയിൽ - റസ്റ്റാറൻ്റ് മേഖലകളിലെ വലിയ സാന്നിധ്യമായ ഇന്ത്യൻ പ്രവാസി സംരംഭകർക്കും ഗുണകരമായി ഉപയോഗപ്പെടുത്താം. ഉപഭോക്താക്കൾക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാൻ എൻ.ഐ.പി.എല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തർ നാഷണൽ ബാങ്ക് സീനിയർ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ആദിൽ അലി അൽ മാലികി പറഞ്ഞു.
സന്ദർശകരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെ ഖത്തറിലെ വലിയൊരു വിഭാഗം ഇന്ത്യക്കാർക്ക് തങ്ങളുടെ ഇടപാടുകൾ ഏറ്റവും വേഗത്തിൽ സാധ്യമാക്കുന്നതാണ് പുതിയ കരാറെന്ന് എൻ.പി.സി.ഐ ഡെപ്യൂട്ടി ചീഫ് അനുഭവ് ശർമ പറഞ്ഞു. ജൂൺ അവസാന വാരത്തിൽ യു.പി.ഐ സേവനം യു.എ.ഇയിലും നിലവിൽ വന്നിരുന്നു. മിഡിലീസ്റ്റ് , ആഫ്രിക്ക ഉൾപ്പെടെ 28 രാജ്യങ്ങളിലായി ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയാണ് ഖത്തർ നാഷണൽ ബാങ്ക്.