ജോയിക്കായി തെരച്ചിൽ രണ്ടാം ദിവസവും ; എൻഡിആർഎഫ് സംഘവും ഡ്രാക്കോ റോബോട്ടുമെത്തി

തിരുവനന്തപുരം : റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ഇന്നും തുടരുകയാണ്.

എന്‍ഡിആര്‍എഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി. ഇന്നലെ രക്ഷാദൗത്യം 13 മണിക്കൂര്‍ പിന്നിട്ടെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയോടെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.


എന്‍ഡിആര്‍എഫ് , ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ജില്ലാ കളക്ടറും മേയറും എന്‍ഡിആര്‍എഫ് സംഘവും നടത്തിയ ചര്‍ച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ചാണ് തെരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്.


അര്‍ധരാത്രി 12 ന് ശേഷമാണ് എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയത്. മറ്റൊരു റോബോട്ടിനെ കൂടെ ജെന്‍ റോബോട്ടിക്‌സ് ടീം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച് അഴുക്കുചാലിലെ ദൃശ്യങ്ങള്‍ അടക്കം ലഭ്യമാക്കുന്ന ഡ്രാക്കോ റോബോട്ടിനെയാണ് എത്തിച്ചിട്ടുള്ളത്. റിഫൈനറി ടാങ്കുകള്‍ വൃത്തിയാക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ളതാണ് ഡ്രാക്കോ. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേകം മാറ്റം വരുത്തിയാണ് ഇപ്പോള്‍ പരീക്ഷിച്ച് നോക്കുന്നത്.


തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് ജോയി ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോടു കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. നേവിയോടും സഹായമഭ്യര്‍ത്ഥിച്ചതായി കളക്ടര്‍ അറിയിച്ചു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയ്.  


ഇതിനിടെ രക്ഷാദൗത്യത്തിന് റെയില്‍വേ സഹകരിക്കുന്നില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. ട്രാക്കില്‍ നിന്ന് ട്രെയിന്‍ മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ട്രാക്കിലൂടെ ട്രെയിന്‍ വരില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നുമാണ് മേയര്‍ ഇന്നലെ തെരച്ചിലിനിടെ ആരോപിച്ചത്. എന്നാല്‍ , അധികൃതര്‍ ഉറപ്പ് പാലിച്ചില്ല. റെയില്‍വേയുടെ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് ഇതുവരെ വന്നിട്ടില്ലന്നും മേയര്‍ ആരോപിച്ചിരുന്നു.