ജലം ജീവനാണ് : മൂവാറ്റുപുഴയാർ സംരക്ഷണ കാമ്പയിന് ത്രിവേണി സംഗമത്തിൽ വർണ്ണാഭമായ തുടക്കം.

മൂവാറ്റുപുഴ : " ജലം ജീവനാണ് " എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള മൂവാറ്റുപുഴയാർ നദി സംരക്ഷണ പരിപാടികൾക്ക് ത്രിവേണി സംഗമത്തിൽ വർണ്ണാഭമായ തുടക്കം.

പായിപ്ര ഗവ.യുപി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെയും , മൂവാറ്റുപുഴ സീ പാസ് ടീച്ചർ ട്രെയിനിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആണ് പ്രചരണപരിപാടി സംഘടിപ്പിച്ചത്.


മൂവാറ്റുപുഴയാറിൻ്റെ തീരത്ത് ഒത്തുചേർന്ന കുട്ടികൾക്ക് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു കൊണ്ട് മൂവാറ്റുപുഴ ആർഡിഒ ഷൈജു പി ജേക്കബ്ബ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 


തുടർന്ന് കുട്ടികൾ മൂവാറ്റുപുഴയാറിന്റെ സമീപത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. ജല സംരക്ഷണത്തെക്കുറിച്ച് ബോധ വൽക്കരണ ക്ലാസുകളും ഇതോടൊപ്പം സംഘടിപ്പിച്ചു. പുഴ കയ്യേറ്റങ്ങൾക്കെതിരെ പ്രതീകാത്മകമായി കുട്ടികൾ നദിയിൽ കളിവഞ്ചികൾ ഒഴുക്കി.


 ഗ്രീൻ പീപ്പിൾ കോർഡിനേറ്റർമാരായ അസീസ് കുന്നപ്പിള്ളി , ഷാജി കെ.എസ് സിജു വളവിൽ , സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ കെഎം നൗഫൽ , പ്രിൻസിപ്പാൾ ഡോ. ജയശ്രീ പിജി. പി.ടി.എ പ്രസിഡൻ്റ് നിസാർ മീരാൻ , പൗസി വിഎ. അജ്മി ഇബ്രാഹിം , നിഥിന കൃഷ്ണൻകുട്ടി , അമ്പിളി എംസി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.


മൂവാറ്റുപുഴയാറിനെ സംരക്ഷിക്കുന്നതിനും നാടിന് വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതിനും നദി സ്വച്ഛന്ദമായി ഒഴുകുന്നതിന് കുട്ടികളിൽ അവബോധം വളർത്തലും ആണ് പ്രചരണ പരിപാടികളുടെ ലക്ഷ്യമെന്ന് ഗ്രീൻ പീപ്പിൾ പ്രവർത്തകർ അറിയിച്ചു.