പുലർച്ചെ ഒന്നരയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ നാലു മണിയോടെയായിരുന്നു രണ്ടാമത്തെ ഉരുൾപൊട്ടൽ. അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി.
മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട്. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നു. ഇത് രക്ഷാ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി വീടുകൾ തകരുകയും നിരവധി കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തും. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വെള്ളാർമല സ്കൂൾ പൂർണമായി വെള്ളത്തിൽ മുങ്ങി. സ്കുൾ പരിസരത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാപ്രവർത്തകർക്ക് എത്താൻ ദുരന്തമേഖലയിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ 8086010833. സിലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.