" വലിയ കുറ്റപത്രം കൊണ്ടെന്തു കാര്യം, തെളിവിന്‍റെ കണികയില്ല" എന്ന രൂക്ഷമായ വിമർശനത്തോടെയാണ് കോടതി സിബിഐക്കെതിരെ ആഞ്ഞടിച്ചത്. കേസിൽ കുറ്റം തെളിയിക്കുന്നതിലോ ഗൂഢാലോചനയ്ക്ക് സാധുവായ തെളിവുകൾ ഹാജരാക്കുന്നതിലോ അന്വേഷണ ഏജൻസി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കെജ്രിവാൾ വികാരാധീനനായി പ്രതികരിച്ചു. നിരപരാധിയായ തന്നെ ആറുമാസത്തോളം ജയിലിലടയ്ക്കുകയും കള്ളനെന്ന് മുദ്രകുത്തുകയും ചെയ്തതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താനും സിസോദിയയും സത്യസന്ധരാണെന്ന് കോടതി അംഗീകരിച്ചത് വലിയ വിജയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ആസൂത്രണം ചെയ്ത ഈ കേസ്, ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളെ അഴിക്കുള്ളിലാക്കി പാർട്ടിയെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ ഭാവിയിൽ ഈ വിധി അതീവ നിർണ്ണായകമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി തുടക്കം മുതലേ ഉന്നയിച്ചിരുന്ന വാദത്തിന് കോടതി വിധി വലിയ ആത്മവിശ്വാസം നൽകുന്നു. കെജ്രിവാളിനെയും സിസോദിയയെയും കൂടാതെ വിജയ് നായർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടത് പാർട്ടിയുടെ സത്യസന്ധതയ്ക്കുള്ള അംഗീകാരമായാണ് എഎപി നേതൃത്വം വിലയിരുത്തുന്നത്.
അതേസമയം, കോടതി വിധിയിൽ തിരിച്ചടി നേരിട്ട സിബിഐ അപ്പീലുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. കോടതി ഉത്തരവ് വിശദമായി പഠിച്ച ശേഷം എത്രയും വേഗം അപ്പീൽ നൽകുമെന്നും ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചു.
എന്നാൽ, മദ്യനയവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടപടികൾ ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും സിബിഐ കേസിൽ നിന്ന് ലഭിച്ച ഈ വിടുതൽ എഎപി നേതൃത്വത്തിന് വലിയ രാഷ്ട്രീയ കരുത്താണ് നൽകുന്നത്.
2022 ജൂലൈയിൽ ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ലെഫ്റ്റനന്റ് ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടോടെയാണ് ഈ കേസിന്റെ തുടക്കം. എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് മനീഷ് സിസോദിയ എടുത്ത തീരുമാനങ്ങൾ സർക്കാരിന് 580 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്. ലൈസൻസ് ഫീസ് ഇളവുകൾ നൽകി കോഴ വാങ്ങിയെന്നും, ഈ പണം പഞ്ചാബ്, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചെന്നും അന്വേഷണ ഏജൻസികൾ വാദിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം നിലനിൽക്കെയാണ് ഇപ്പോൾ പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.