സുൽത്താൻ ബത്തേരിയിൽ ചരിത്രം കുറിക്കാൻ പ്രകൃതി എൻ.വി; എൽ.ഡി.എഫിന്റെ ധാർമിക പിന്തുണ AAP ക്ക് നൽകാൻ പണിയ സമുദായത്തിന്റെ സമ്മർദ്ദം.

ബത്തേരി : കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തികച്ചും പുതിയൊരു വഴിത്തിരിവിന് കളമൊരുങ്ങുന്നു.

വയനാട്ടിലെ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി (എ.എ.പി) സ്ഥാനാർത്ഥിയായി പണിയ ഗോത്രവർഗത്തിൽ നിന്നുള്ള പ്രകൃതി എൻ.വി മത്സരിക്കാൻ ഒരുങ്ങുമ്പോൾ രാഷ്ട്രീയ ചർച്ചകൾക്കാണ് തിരികൊളുത്തുന്നത്. 


നിലവിൽ എൽ.ഡി.എഫ് ജയിക്കാത്ത മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ, തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്താതെ പ്രകൃതിക്ക് പിന്തുണ നൽകിക്കൊണ്ട് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ എം.എൽ.എയെ നിയമസഭയിലെത്തിക്കാൻ എൽ.ഡി.എഫ് തയ്യാറാവണം എന്ന പൊതുവികാരം ഇപ്പോൾ പണിയ സമുദായത്തിൽ നിന്ന് ശക്തമായി ഉയർന്നു വരുന്നുണ്ട്.


ചരിത്രപരമായ ഈ മാറ്റത്തിന് വേണ്ടി എൽ.ഡി.എഫ് ധാർമിക പരമായി പിൻവാങ്ങി പിന്തുണ നൽകിയാൽ അത് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു രാഷ്ട്രീയ ചിത്രത്തിന് സാക്ഷ്യം വഹിക്കും.


വയനാട്ടിലെ ആദിവാസി ജനസംഖ്യയിൽ 75,000 പേരോളം വരുന്ന ഏറ്റവും വലിയ വിഭാഗമായ പണിയർ ഇത്രകാലവും രാഷ്ട്രീയമായി ഏറെ പാർശ്വവൽക്കരിക്കപ്പെട്ടിരുന്നു. 


കുറിച്യ, കുറുമ വിഭാഗങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളിൽ ലഭിക്കുന്ന മേൽക്കൈ പണിയ വിഭാഗത്തിന് ലഭിക്കുന്നില്ല എന്ന പരാതി ശക്തമാണ്. ഈ സാഹചര്യത്തിലാണ് പ്രകൃതിയുടെ സ്ഥാനാർത്ഥിത്വത്തെ അവർ ഏറെ പ്രതീക്ഷയോടെ കാണുന്നത്. 


ചരിത്രത്തിൽ ബിരുദധാരിയും എലിമെന്ററി എജ്യുക്കേഷനിൽ ഡിപ്ലോമ നേടിയ അധ്യാപികയുമായ പ്രകൃതി, തന്റെ സമുദായം നേരിടുന്ന തൊഴിലില്ലായ്മ, വിദ്യാഭ്യാസ കൊഴിഞ്ഞുപോക്ക് തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് വേദിയിൽ സജീവമാക്കാൻ ആഗ്രഹിക്കുന്നു. 


മൂന്ന് വർഷം മുമ്പ് നിയമപരമായി തന്റെ ലിംഗമാറ്റം പൂർത്തിയാക്കിയ പ്രകൃതി, താൻ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം തന്റെ ജനതയുടെ ശബ്ദമായി നിയമസഭയിൽ മാറാനാണെന്നും പറയുന്നു.


എൽ.ഡി.എഫ് ധാർമികമായി പിന്തുണ നൽകിയാൽ അത് സുൽത്താൻ ബത്തേരിയിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തും. എ.എ.പിയുടെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം എന്ന നയത്തെയും, ഗോത്രവർഗ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാനുള്ള താല്പര്യത്തെയും മുൻനിർത്തിയാണ് പണിയ സമുദായം ഇത്തരം ഒരു രാഷ്ട്രീയ സഖ്യത്തിന് ആഹ്വാനം ചെയ്യുന്നത്.


സമുദായ പ്രവർത്തകനായ മാണിക്കൂട്ടൻ പണിയൻ ഉൾപ്പെടെയുള്ളവർ ഇതിനെ പണിയ വിഭാഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റമായാണ് കാണുന്നത്. താൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ, തന്റെ ജനതയുടെ പ്രശ്നങ്ങൾക്ക് നീതി ഉറപ്പാക്കാൻ പരമാവധി പരിശ്രമിക്കുമെന്ന് പ്രകൃതി ഉറപ്പ് നൽകുന്നു. രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്ന സുൽത്താൻ ബത്തേരിയിൽ, പ്രകൃതി എൻ.വിയുടെ സ്ഥാനാർത്ഥിത്വം കേരള രാഷ്ട്രീയത്തിലെ തന്നെ നിർണ്ണായകമായ ഒരു ചരിത്ര മുഹൂർത്തമായി മാറുമെന്നാണ് നിരീക്ഷകർ കരുതുന്നത്.