ലോകകപ്പ് ഫുട്‌ബോള്‍ 2026 : ഇനി കൃത്യം ഒരുമാസം

ചരിത്രത്തില്‍ ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ഇനി കൃത്യം ഒരു മാസം.

അടുത്ത മാസം ഇതേ ദിവസം മെക്‌സിക്കന്‍ നഗരം മെക്‌സിക്കോ സിറ്റിയില്‍ ആണ് കിക്കോഫ്. ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ അണി നിരക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ലോകകപ്പിനുണ്ട്. മെക്‌സിക്കോ, അമേരിക്ക, കാനഡ എന്നീ മൂന്ന് രാജ്യക്കാര്‍ സംയുക്തമായാണ് ആതിഥ്യമരുളുന്നത്.


ജൂണ്‍ 11ന് മെക്‌സിക്കോ സിറ്റിയില്‍ ആരംഭിച്ച്‌ ജൂലൈ 19ന് അമേരിക്കയിലെ ന്യൂജേഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കലാശ പോരാട്ടത്തോടെയാണ് സമാപിക്കുക. ലോകകപ്പിന്റെ 23-ാം പതിപ്പാണിത്. അര്‍ജന്റീനയാണ് നിലവിലെ ജേതാക്കള്‍. കൃത്യമായി പറഞ്ഞാല്‍ മൂന്നര വര്‍ഷം മുമ്പ് ഖത്തറിലെ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച്‌ അര്‍ജന്റീന ചരിത്രത്തിലെ മൂന്നാം ലോക കിരീടത്തില്‍ മുത്തമിട്ടിരുന്നു. 


അന്നത്തെ ആ ടീമില്‍ നിന്നും ഏഞ്ചല്‍ ഡി മരിയ മാത്രമാണ് വിടപറഞ്ഞത് സൂപ്പര്‍ താരം മെസി ഇക്കുറിയും ഉറങ്ങുന്നുണ്ട്. കളിക്കാരനെന്ന നിലയില്‍ ശോഭിക്കാനാവാതെ പോയ ലയണല്‍ സ്‌കലോനി എന്ന അര്‍ജന്റൈന്‍ പരിശീലകനാണ് 36 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അര്‍ജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്തത്. പുതിയൊരു ലോകകപ്പ് പടിവാതില്‍ക്കലെത്തുമ്പോഴും അര്‍ജന്റീന ടീമിന്റെ പോരാട്ടത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. മത്സരങ്ങള്‍ താരതമ്യേന കുറവായതനാല്‍ ഫിഫ റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞിട്ടുണ്ട്.


കഴിഞ്ഞ തവണ അര്‍ജന്റീനയോട് ഇഞ്ചോടിഞ്ച് പൊരുതി നിന്ന ഫ്രാന്‍സ് ഇത്തവണയും ഫേവറിറ്റുകളാണ്. 1998 ലോകകപ്പില്‍ ആദ്യമായി ഫ്രാന്‍സ് കപ്പുയര്‍ത്തിയപ്പോള്‍ ടീം നായകനായിരുന്ന പ്രതിരോധ താരം ദിദിയര്‍ ദെഷാംപ്‌സ് ആണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഫ്രാന്‍സ് ടീമിനെ പരിശീലിപ്പിച്ചുവരുന്നത്.


2016 യൂറോ കപ്പ് റണ്ണറപ്പ്, 2018 റഷ്യന്‍ ലോകകപ്പ്, 2022 ഖത്തര്‍ ലോകകപ്പ് റണ്ണറപ്പ് എന്നിങ്ങനെ പോകുന്നു ദിദിയറിന്റെ നേട്ടങ്ങള്‍. വീണ്ടുമൊരു ലോകകപ്പ് നേടാവുന്ന താര സമ്പന്നതയും തികവും ഈ ടീമിന് ഇപ്പോഴും ആവശ്യത്തിലേറെയായുണ്ട്. നിലവിലെ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഫ്രാന്‍സ്.


ലോകകപ്പില്‍ എന്ത് അത്ഭുതവും കാട്ടി മുന്നേറ്റം നടത്താന്‍ കെല്‍പ്പുള്ള ടീമുകളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് സ്‌പെയിന്‍. ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാര്‍. സമീപകാലത്തെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മികച്ച റിക്കാര്‍ഡ് ആണ് സ്പാനിഷ് ടീമിനുള്ളത്. കൂടാതെ 2024 യൂറോ നേടിയ ടീം കൂടിയാണ്. നിലവിലെ യുവേഫ നേഷന്‍സ് ലീഗ് റണ്ണറപ്പ് കൂടിയാണ്.


നേഷന്‍സ് ലീഗിന്റെ ഫൈനലില്‍ സ്‌പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത ടീം പോര്‍ച്ചുഗലും ഇക്കുറി ഒരുങ്ങി തന്നെയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് അവസരം ആയിരിക്കാം ഇതെന്ന് എല്ലാവരും കരുതുന്നു. വിഖ്യാത ജര്‍മന്‍ ഫുട്‌ബോള്‍ പരിശീലകന്‍ തോമസ് ടുഷേലിന് കീഴിലുള്ള ഇംഗ്ലണ്ട് ടീമും സുസജ്ജമാണ്. ഇത്തവണ കിരീട സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ് ഇംഗ്ലണ്ടും. ഫിഫ റാങ്കിങ്ങില്‍ നാലാമതാണുള്ളത്.


കാര്‍ലോ ആഞ്ചെലോട്ടിക്ക് കീഴില്‍ നിശബ്ദമായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന കാനറികളും അണിയറയില്‍ മികച്ച ഒരുക്കത്തിലാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ബ്രസീല്‍ ആഞ്ചെലോട്ടിക്ക് കീഴില്‍ ഈ ലോകകപ്പില്‍ പ്രതാപം വീണ്ടെടുക്കുന്ന കാഴ്‌ച്ചക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചപ്പോള്‍ നാല് പുതുമുഖ ടീമുകള്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്. കേപ് വെര്‍ദെ, കുറസാവോ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍.