പ്രതികാരം ചെയ്യും, കൊലയാളികളെ വെറുതെ വിടില്ല : ഖാംനഈ കൊല്ലപ്പെട്ടതില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ താക്കീത്

തെഹ്റാന്‍ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇസ്രാഈലും അമേരിക്കയും സംയുക്തമായി ചേര്‍ന്ന് ശനിയാഴ്ച ഇറാനില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തിന് പിന്നാലെ കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.


ഖാംനഈയുടെ വിയോഗത്തില്‍ അനുശോചിച്ച റവല്യൂഷണറി ഗാര്‍ഡ്, അദ്ദേഹത്തിന്റെ കൊലയാളികളെ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നല്‍കി. 'നമുക്ക് ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ക്രൂരരായ ഭീകരരുടെ കൈകളാലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍ അവരെ വേട്ടയാടുക തന്നെ ചെയ്യും,' ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.


അതേസമയം ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഏഴ് ദിവസം അവധിയും പ്രഖ്യാപിച്ചു.


ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യത്തിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെയാണ് ഇറാന്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഖാംനഈയുടെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.