ഖമേനിയുടെ മരണം: 'ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തിനെ നഷ്ടമായി', ആം ആദ്മി പാർട്ടി MP സഞ്ജയ് സിംഗ്

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗ്.

ഖമേനിയുടെ വേർപാട് ഒരു യുഗത്തിന്റെ അവസാനത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിശ്വസ്തനായ ഒരു സുഹൃത്തിനെയാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. ഇറാൻ ഇന്ത്യയുടെ പരമ്പരാഗത സുഹൃത്താണെന്നും ഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ സുരക്ഷയും കുറഞ്ഞ നിരക്കിൽ എണ്ണയും ലഭ്യമാക്കാൻ അവർ സഹായിച്ചിട്ടുണ്ടെന്നും സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി.


കശ്മീർ വിഷയത്തിലടക്കം പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് ഇറാൻ സ്വീകരിച്ചിട്ടുള്ളത്. രാജ്യം വലിയൊരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, വെനിസ്വേലയ്ക്ക് ശേഷം അടുത്തത് ഇറാനാണോ എന്ന് ചോദ്യമുന്നയിച്ചു. ആഗോള സ്വേച്ഛാധിപതിയായ അമേരിക്കയെ തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത ഭാഷയിലാണ് സഞ്ജയ് സിംഗ് പ്രതികരിച്ചത്. വിദേശനയങ്ങളിലെ നിലപാടുകളെ പരിഹസിച്ച അദ്ദേഹം, പ്രധാനമന്ത്രി 'ലോക ഗുരുവല്ല' എന്ന വിമർശനവും ഉയർത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശ താല്പര്യങ്ങൾക്കെതിരെ മൗനം പാലിക്കുന്നത് ശരിയല്ലെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.


Ayatollah Ali Khamenei, Sanjay Singh AAP, Iran-India Relations, Sanjay Singh on Khamenei Death