ടിക്കറ്റ് എടുത്തവര്‍ ശ്രദ്ധിക്കുക ! 11 രാജ്യങ്ങള്‍ " ഹൈ റിസ്‌ക് " പട്ടികയില്‍ ; വിമാന സര്‍വീസുകള്‍ അനിശ്ചിതത്വത്തില്‍

ഇറാൻ : ഇസ്രയേല്‍ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പശ്ചിമേഷ്യൻ വ്യോമപാതകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

ഇതേത്തുടർന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള 450 - ലേറെ വിമാന സർവീസുകള്‍ ഇന്ന് തടസ്സപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇതിനുപുറമെ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള 50 സർവീസുകളും റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതത് വിമാനക്കമ്ബനികളുമായി ബന്ധപ്പെട്ട് സർവീസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ കർശന നിർദേശം നല്‍കി.


നിലവിലെ സാഹചര്യത്തില്‍ 11 രാജ്യങ്ങളെ ഡിജിസിഎ ‘ഹൈ റിസ്‌ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറാൻ, ഇസ്രയേല്‍, ലബനൻ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ജോർദാൻ, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തർ എന്നിവയാണ് ഈ പട്ടികയിലുള്ളത്. ഇറാഖ്, കുവൈത്ത്, ജോർദാൻ, ബഹ്‌റൈൻ, സിറിയ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുടെ വ്യോമപാതകള്‍ സുരക്ഷാ കാരണങ്ങളാല്‍ പൂർണ്ണമായോ ഭാഗികമായോ അടച്ചുകഴിഞ്ഞു.


അമേരിക്കൻ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയാകെ ആശങ്കയിലാണ്. യുഎഇയിലെ പാം ജുമൈറ, ബുർജ് അല്‍ അറബ്, വിമാനത്താവളം തുടങ്ങി ആറിടങ്ങളില്‍ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. 


യുഎഇ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത 137 മിസൈലുകളും 209 ഡ്രോണുകളും ഇതിനോടകം പതിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ മനാമയില്‍ കെട്ടിട സമുച്ചയത്തില്‍ മിസൈല്‍ പതിച്ചതായും ഖത്തർ, കുവൈത്ത്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും വിവരമുണ്ട്. ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ ശക്തമായി അപലപിച്ചു.