ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയില്‍ പോരാട്ടം കടുക്കുകയാണ്.
ഖമേനിയുടെ വധത്തിന് പിന്നാലെ ഇസ്രായേലിനും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ വന്‍തോതില്‍ മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങളാണ് നടക്കുന്നത്. നിലനില്‍പ്പിനായുള്ള പോരാട്ടമാണിതെന്ന് പ്രഖ്യാപിച്ച ഇറാന്‍, പ്രതികാരം ചെയ്യുന്നത് രാജ്യത്തിന്റെ 'കടമയും നിയമപരമായ അവകാശവുമാണെന്ന്' വ്യക്തമാക്കിയാണ് ആക്രമണം തുടരുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മിസൈല്‍ ശേഖരമുള്ള ഇറാന്‍ പോരാടാന്‍ ഉറച്ചതോടെ ഗള്‍ഫ് മേഖല കടുത്ത ആശങ്കയിലാണ്.
ഖമേനിയുടെ വധം ഒരു നിശ്ചിത യുദ്ധത്തിന് പകരം മേഖലയിലാകെ പടരുന്ന ഒരു മഹായുദ്ധമായി മാറുമെന്ന ഭീതിയിലാണ് ലോകം. ലബനനിലെ ഹിസ്ബുള്ളയും യമനിലെ ഹൂതികളും ഇറാനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചതോടെ പോരാട്ടം നീളുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇറാന്‍ നേരിട്ട് ആക്രമിക്കുന്നതിനോടൊപ്പം തന്നെ ലബനനിലെ ഹിസ്ബുള്ള, യമനിലെ ഹൂതികള്‍, ഇറാഖിലെ ഷിയാ ഗ്രൂപ്പുകള്‍ എന്നിവര്‍ ഒരേസമയം ഇസ്രായേലിനും യുഎസിനും നേരെ ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ട്. ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലാണെന്നത് ഗള്‍ഫ് രാജ്യങ്ങളെയും ആശങ്കയിലാക്കുന്നു. യു എസ് മേഖലയിലേക്ക് വന്‍തോതില്‍ ആയുധങ്ങളും സൈന്യത്തെയും അയക്കുന്നുണ്ടെങ്കിലും, ഇറാന്റെ കടുത്ത പ്രത്യാക്രമണം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ടെഹ്‌റാനിലടക്കം ഇസ്രയേല്‍ - യു എസ് സഖ്യം ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കടുത്ത ആക്രമണം നടത്തുന്നുവെങ്കിലും ഇറാന്‍ പക്കലുള്ള രഹസ്യ ആയുധങ്ങള്‍ എത്രത്തോളം തകര്‍ക്കാനായി എന്നതില്‍ ഇനിയും വ്യക്തമല്ല. വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ ഭൂപടം തന്നെ മാറ്റിമറിച്ചേക്കാമെന്നാണ് ആശങ്ക ഉയരുന്നത്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ " ആയുധപ്പുര " ഇറാന്റെ പക്കലുള്ള സന്നാഹങ്ങള്‍
പരമോന്നത നേതാവ് അയാത്തൊള്ള അലി ഖമേനിയുടെ വധം ഇറാന് വെറുമൊരു തിരിച്ചടിയല്ല, മറിച്ച് ഭരണകൂടത്തിന്റെ നിലനില്‍പ്പിന് മേലുള്ള കടന്നുകയറ്റമായാണ് ടെഹ്റാന്‍ കാണുന്നത്. ആധുനികമായ ഒരു വ്യോമസേനയുടെ അഭാവം ഇറാന്‍ പരിഹരിക്കുന്നത് ലോകത്തെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള മിസൈല്‍ സന്നാഹങ്ങള്‍ ഉപയോഗിച്ചാണ്. ഖൈബര്‍ ശകന്‍, ഹാജ് ഖാസിം എന്നിവ അത്യാധുനിക സാങ്കേതികവിദ്യയുള്ള പുതിയ തലമുറ മിസൈലുകളാണ് ശേഖരത്തിലുള്ളത്.
ഇറാന്റെ പ്രധാന ആയുധശേഷിയെ ഇങ്ങനെ തരംതിരിക്കാം:
1. ബാലിസ്റ്റിക് മിസൈലുകള്‍: ഇസ്രായേലിനെയും ഗള്‍ഫ് മേഖലയിലെ മുഴുവന്‍ യുഎസ് കേന്ദ്രങ്ങളെയും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍. ഇസ്രായേലിനെ വിറപ്പിക്കുന്ന ദൂരപരിധിയാണ് ഇതിന്റെ പ്രത്യേകത. 2,000 കിലോമീറ്റര്‍ മുതല്‍ 2,500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇറാന്റെ പക്കലുണ്ട്. ഇത് ഇസ്രായേലിനെ ലക്ഷ്യമിടാന്‍ ഇറാനെ പ്രാപ്തമാക്കുന്നു. ഇതിന് പുറമെ കടലിലെ യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള അന്റി-ഷിപ്പ് മിസൈലുകള്‍, കപ്പല്‍ ഗതാഗതം സ്തംഭിപ്പിക്കാന്‍ ഉപയോഗിക്കുന്ന കടല്‍ മൈനുകള്‍, ചെറുകപ്പലുകള്‍ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങള്‍ നടത്താന്‍ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകള്‍.
മീഡിയം റേഞ്ച് ( 1,500-2,000 കി.മീ ) : ഷഹബ്-3, ഇമാദ്, ഘദര്‍-1, ഖൊറംഷഹര്‍ എന്നിവയാണ് പ്രധാനികള്‍. ഇതില്‍ 'സെജ്ജില്‍' (Sejjil) എന്ന മിസൈല്‍ കൂടുതല്‍ അപകടകാരിയാണ്. ഖര ഇന്ധനം ഉപയോഗിക്കുന്നതിനാല്‍ ഏത് നിമിഷവും വളരെ വേഗത്തില്‍ ഇത് വിക്ഷേപിക്കാന്‍ സാധിക്കും.
ഷോര്‍ട്ട് റേഞ്ച് (150-800 കി.മീ): ഫത്തേഹ് വകഭേദങ്ങള്‍, സോള്‍ഫാഘര്‍ എന്നിവ അടുത്തുള്ള സൈനിക താവളങ്ങളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നു. 2020-ല്‍ ഇറാഖിലെ യുഎസ് താവളത്തിന് നേരെ ഇറാന്‍ പ്രയോഗിച്ചത് ഇത്തരം മിസൈലുകളാണ്.
2. ക്രൂസ് മിസൈലുകള്‍ - റഡാറുകളുടെ കണ്ണുവെട്ടിക്കുന്നവ
താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ള 'സൗമര്‍' (2,500 കി.മീ പരിധി), 'യാ-അലി', 'പാവെ' തുടങ്ങിയ ക്രൂസ് മിസൈലുകള്‍ ഇറാന്‍ പ്രയോഗിക്കുന്നുണ്ട്. അതോടൊപ്പം കുറഞ്ഞ ചിലവില്‍ വിക്ഷേപിക്കാവുന്ന 'ആത്മഹത്യാ ഡ്രോണുകള്‍' ഉപയോഗിച്ച് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കുന്ന തന്ത്രമാണ് ഇറാന്‍ പയറ്റുന്നത്. താഴ്ന്ന് പറക്കുന്ന ക്രൂസ് മിസൈലുകള്‍ കണ്ടെത്തുക എളുപ്പമല്ല. സൗമര്‍ (Soumar) എന്ന മിസൈലിന് 2,500 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. പാവെ, ഹൊവെയ്സെ എന്നിവയും ഇറാന്റെ കരുത്താണ്. ബാലിസ്റ്റിക് മിസൈലുകള്‍ക്കൊപ്പം ഇവ കൂടി വിക്ഷേപിച്ചാല്‍ ശത്രുരാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ (Air Defense) താളം തെറ്റും.
3. ഡ്രോണ്‍ സാങ്കേതികവിദ്യ ( Loitering Munitions )
കുറഞ്ഞ ചിലവില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ആത്മഹത്യാ ഡ്രോണുകള്‍ ഇറാന്റെ തന്ത്രപ്രധാന ആയുധമാണ്. മിസൈലുകളെക്കാള്‍ വേഗത കുറവാണെങ്കിലും നൂറുകണക്കിന് ഡ്രോണുകള്‍ ഒരേസമയം വിക്ഷേപിച്ച് (Swarms) ശത്രുവിന്റെ പ്രതിരോധത്തെ നിഷ്‌ക്രിയമാക്കാന്‍ ഇറാന് സാധിക്കും.
4. ഭൂഗര്‍ഭ 'മിസൈല്‍ നഗരങ്ങള്‍' ( Missile Cities )
ശത്രുക്കളുടെ ആക്രമണങ്ങളെ അതിജീവിക്കാന്‍ മലനിരകള്‍ക്ക് താഴെയും ഭൂമിക്കടിയിലുമായി ഇറാന്‍ വലിയ മിസൈല്‍ ശേഖരം ഒരുക്കിയിട്ടുണ്ട്. ഇത് ഇറാന്റെ തിരിച്ചടി ശേഷി ദീര്‍ഘകാലം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശത്രുരാജ്യങ്ങള്‍ എത്ര വലിയ ആക്രമണം നടത്തിയാലും ഇറാന്റെ മിസൈല്‍ പ്രഹരശേഷി ഇല്ലാതാവില്ല. കാരണം, മലനിരകള്‍ക്കുള്ളിലും മരുഭൂമികള്‍ക്ക് താഴെയും വന്‍തോതിലുള്ള ഭൂഗര്‍ഭ താവളങ്ങള്‍ ഇറാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിക്ഷേപണത്തിന് തൊട്ടുമുമ്ബ് മാത്രം മിസൈലുകള്‍ പുറത്തെടുക്കുന്ന ഈ രീതി തിരിച്ചടിക്കാനുള്ള ഇറാന്റെ ശേഷി ദീര്‍ഘകാലം നിലനിര്‍ത്തുന്നു.
5. സമുദ്രത്തിലെ വെല്ലുവിളി : ഹോര്‍മുസ് കടലിടുക്ക്
യുദ്ധം കടലിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചു. ലോകത്തെ എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്താന്‍ ഇറാന്‍ സൈന്യത്തിന് (IRGC) സാധിച്ചിട്ടുണ്ട്. ഒമാന്‍ തീരത്തെ എണ്ണ ടാങ്കറിന് നേരെ ആക്രമണം ഉണ്ടായതോടെ നിരവധി കപ്പലുകളാണ് മേഖലയില്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നത്. യുഎസ്, യുകെ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് നേരെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (IRGC) ആക്രമണം നടത്തിയിരുന്നു. പ്രമുഖ ഷിപ്പിംഗ് കമ്ബനിയായ മെയ്സ്‌ക് (Maersk) ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമാകും.
ഇറാന്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഈ പോരാട്ടം ഒരു 'പരിമിതമായ യുദ്ധമല്ല' (Limited War). തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അത് മേഖലയിലാകെ പടരുന്ന ഒരു വന്‍ സംഘര്‍ഷമായി മാറുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനകം തന്നെ ലോകത്തെ പ്രമുഖ ഷിപ്പിംഗ് കമ്ബനിയായ മെയ്സ്‌ക് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് ആഗോള സാമ്ബത്തിക മേഖലയെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.