ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; കേരളത്തിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങി എഎപി

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി കേരളത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.

സംസ്ഥാന പ്രഭാരിയും ഡൽഹി മുൻ മേയറുമായ ഡോ. ഷെല്ലി ഒബ്രോയ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽ‌സൺ എന്നിവർ ചേർന്നാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 22 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്. 


ഇതിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും ഗോത്രവിഭാഗത്തിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് എൻ.വി. പ്രകൃതിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ഏറെ ശ്രദ്ധേയമായി. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി നടപ്പിലാക്കിയ അഴിമതി രഹിത വികസന മാതൃക കേരളത്തിലും കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഡോ. ഷെല്ലി ഒബ്രോയ് പറഞ്ഞു. 


പരമ്പരാഗത രാഷ്ട്രീയ മുന്നണികൾക്ക് ബദലായി മികച്ച പ്രതിച്ഛായയുള്ള പ്രൊഫഷണലുകളെയും സാധാരണക്കാരെയും ഉൾപ്പെടുത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും, പ്രമുഖ നേതാക്കൾ ഉൾപ്പെടെ പ്രചാരണത്തിനായി കേരളത്തിലെത്തുമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽ‌സൺ അറിയിച്ചു.