ഇത്തവണത്തെ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കും ; 13 പേരുടെ ജീവന്‍ കവര്‍ന്ന മഹാദുരന്തത്തിന് തൊട്ടുപിന്നാലെ ആഘോഷങ്ങള്‍ തുടരുന്നത് ഉചിതമല്ലെന്ന പൊതുവികാരം ശക്തം

തൃശൂര്‍ : മുണ്ടത്തിക്കോടിലെ വെടിക്കെട്ട് പുരയിലുണ്ടായ നാടിനെ നടുക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കും.

13 പേരുടെ ജീവന്‍ കവര്‍ന്ന മഹാദുരന്തത്തിന് തൊട്ടുപിന്നാലെ ആഘോഷങ്ങള്‍ തുടരുന്നത് ഉചിതമല്ലെന്ന പൊതുവികാരത്തെത്തുടര്‍ന്നാണ് വെടിക്കെട്ട് ഉള്‍പ്പെടെയുള്ള പ്രധാന ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ആലോചന നടക്കുന്നത്. പൂരത്തിന്റെ ആവേശമായ സാമ്പിള്‍ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന.


മുണ്ടത്തിക്കോട്ട് തിരുവടിമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പുരകളിലാണ് സ്‌ഫോടനമുണ്ടായത്. തിരുവമ്പാടി വിഭാഗത്തിന് പൂരത്തിന് ഉപയോഗിക്കാന്‍ ഇനി വെടിക്കെട്ട് മരുന്നുകള്‍ കൈവശമില്ലാത്തതും ആഘോഷങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമായി. അതേസമയം, പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ പാലക്കാട് തയ്യാറാണെങ്കിലും, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നടത്തുന്നതിനോട് നഗരവാസികള്‍ക്കും ദേവസ്വങ്ങള്‍ക്കും താല്‍പ്പര്യമില്ല.


പൂരത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങള്‍ ഇന്ന് നിര്‍ണ്ണായക യോഗം ചേരും. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ആനയെഴുന്നള്ളിപ്പും മേളങ്ങളും പരിമിതപ്പെടുത്തി ആചാരപരമായ ചടങ്ങുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കാനാണ് നിലവിലെ തീരുമാനം. ദേശക്കാരുടെ വികാരവും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ചാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക.


വെടിപ്പുരയ്ക്ക് ഫയര്‍ സേഫ്റ്റി ലൈസന്‍സ് ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പൂരത്തിന്റെ വെടിക്കെട്ടിന് അനുമതി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരും കര്‍ശന നിലപാടിലാണ്. ജില്ലാ ഭരണകൂടവും പോലീസും വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച്‌ ആര്‍ഡിഒ തല അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരു അപകടത്തിന് വഴിമരുന്നിടാന്‍ അധികൃതര്‍ തയ്യാറല്ല.


അപകടത്തില്‍ പരിക്കേറ്റ 23 പേര്‍ ഇപ്പോഴും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നത് നഗരത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൂരനഗരിയില്‍ ആഘോഷത്തിന്റെ ആരവം ഉയരുന്നത് ഒഴിവാക്കണമെന്ന് ഭൂരിഭാഗം വിശ്വാസികളും ആവശ്യപ്പെടുന്നു.


പൂരവിളംബരം, തെക്കേനട തുറക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ ആചാരപരമായി നടത്തുമെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പോലീസ് ജാഗ്രത പാലിക്കും. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ആഘോഷങ്ങള്‍ക്കായി മാറ്റിയിരുന്ന തുക ദുരന്തബാധിതരെ സഹായിക്കാനായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു വന്നിട്ടുണ്ട്.


കേന്ദ്രമന്ത്രി സുരേഷ് ഗോപി ദുരന്തസ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചിരുന്നു. തൃശൂര്‍ ജനതയുടെ വേദനയില്‍ പങ്കുചേരുന്നതായും ആഘോഷങ്ങളേക്കാള്‍ ഇപ്പോള്‍ പ്രാധാന്യം ജനങ്ങളുടെ സുരക്ഷയ്ക്കും ദുരന്തബാധിതരുടെ പുനരധിവാസത്തിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രസഹായം എത്രയും വേഗം ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.