മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിയ ഒരു രോഗി വെള്ളം ലഭിക്കാതെ ക്ഷീണിച്ച് തളർന്ന് വീണ സംഭവം ഷാജിയെ ഈ സേവനത്തിലേക്ക് പ്രേരിപ്പിച്ചതാണ്. അതിനെ തുടർന്നാണ് “സഞ്ചരിക്കുന്ന തണ്ണീർപ്പന്തൽ” എന്ന ആശയവുമായി അദ്ദേഹം രംഗത്തെത്തിയത്.
പ്രതിദിനം രാവിലെ 11 മണിക്കും വൈകിട്ട് 3 മണിക്കും മൂവാറ്റുപുഴ ഓട്ടോ സ്റ്റാൻഡിലും സമീപ പ്രദേശങ്ങളിലുമാണ് ഷാജി സംഭാരം വിതരണം ചെയ്യുന്നത്. ഏകദേശം 200 പേർക്കുള്ള സംഭാരം തയ്യാറാക്കി കൊണ്ടുവരുന്ന ഇദ്ദേഹം, ആവശ്യമെങ്കിൽ വീണ്ടും വീട്ടിൽ പോയി കൂടുതൽ ഒരുക്കി എത്തിക്കുകയും ചെയ്യുന്നു.
ഉപ്പ്, ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില, കാന്താരി മുളക് എന്നിവ ചേർത്ത് ശുചിത്വത്തോടെ വീട്ടിൽ തയ്യാറാക്കുന്ന സംഭാരമാണ് വിതരണം ചെയ്യുന്നത്. പേപ്പർ കപ്പുകളിൽ നൽകുന്ന സംഭാരം ഉപയോഗിച്ച ശേഷം അവ ചിതറിക്കിടക്കാതിരിക്കാനായി പ്രത്യേകമായി മാലിന്യ സംസ്കരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സാമൂഹിക സേവനങ്ങളിൽ സജീവമായ ഷാജി, ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കൽ, ഹർത്താലുകളിൽ കുടുങ്ങുന്നവർക്ക് യാത്രാസൗകര്യം എന്നിവയിലൂടെ ഇതിനുമുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്.
സാമ്പത്തിക ശേഷി പരിമിതമായിട്ടും സമൂഹത്തിന് സഹായം നൽകുന്നതിൽ പിന്നോട്ടില്ലാത്ത ഷാജി, നന്മയുടെ പ്രതീകമായി മാറുകയാണ്. സമൂഹത്തിനായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് ഇദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാവുന്നതാണ്. മൂവാറ്റുപുഴ സിവിൽ ഡിഫൻസ് അംഗം കൂടിയാണ് ഷാജി.
ഫോൺ : 9387406621