സംപൂജ്യരായി പ്രതിസന്ധിയിലേക്ക് ; കനത്ത തോല്‍വിയില്‍ മാണി വിഭാഗം ഉലയുന്നു ; കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് ?

കോട്ടയം : ചരിത്രത്തിലാദ്യമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത അവസ്ഥയിലേക്ക് പാര്‍ട്ടി കൂപ്പുകുത്തിയതോടെ, മാണി വിഭാഗത്തില്‍ വീണ്ടും പിളര്‍പ്പിന്റെ സൂചനകള്‍ ശക്തമായി.

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റുകളിലും പരാജയപ്പെട്ട് 'സംപൂജ്യ'രായതോടെ കേരള കോണ്‍ഗ്രസ് ( എം ) കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്.


അന്തരിച്ച കെ.എം. മാണിയുടെ തട്ടകമായ പാലായില്‍ രണ്ടാം തവണയും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പരാജയപ്പെട്ടു. സിറ്റിംഗ് സീറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കോണ്‍ഗ്രസിലെ റോയ് കെ. പൗലോസിനോട് 23,822 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത ആഘാതമായി. മത്സരിച്ച 12 പേരും തോല്‍വി ഏറ്റുവാങ്ങിയതോടെ 1979-ല്‍ രൂപീകൃതമായ ശേഷം ഇത്രത്തോളം വലിയൊരു തകര്‍ച്ച പാര്‍ട്ടി മുന്‍പ് നേരിട്ടിട്ടില്ല എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് കാര്യങ്ങള്‍. മധ്യകേരളത്തിലെ പാര്‍ട്ടി കോട്ടകള്‍ ഒന്നടങ്കം തകര്‍ന്നടിഞ്ഞു.


കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും പരാജയപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഇടതുമുന്നണി വിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 


യു.ഡി.എഫിലേക്ക് തിരിച്ചുപോകണമെന്ന നിലപാടിലാണ് ജോസ് കെ. മാണി അനുകൂലികളിലെ ഒരു വിഭാഗം. എല്‍.ഡി.എഫ് പ്രവേശനത്തെ ശക്തമായി പിന്തുണച്ച റോഷി അഗസ്റ്റിനെതിരെ പാര്‍ട്ടിയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പരമ്പരാഗത ക്രൈസ്തവ വോട്ടുകള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നെന്നാണ് വിലയിരുത്തലുകള്‍.


അതേസമയം ജയപരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. പരാജയകാരണങ്ങള്‍ എല്‍.ഡി.എഫും പാര്‍ട്ടിയും വിശദമായി പരിശോധിക്കുമെന്നുമാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ പ്രതികരണം. നിലവിലെ സാഹചര്യം കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ നിര്‍ണ്ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായേക്കും.


മാണി വിഭാഗം തകര്‍ന്നടിഞ്ഞപ്പോള്‍ മറുവശത്ത് വന്‍ മുന്നേറ്റവുമായി പി.ജെ. ജോസഫ് വിഭാഗം കരുത്തുകാട്ടി. യു.ഡി.എഫില്‍ മികച്ച 'സ്‌ട്രൈക്ക് റേറ്റ്' കാഴ്ചവെച്ച ജോസഫ് വിഭാഗം മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടക്കാനിരിക്കുകയാണ്. 


തൊടുപുഴയില്‍ നിന്ന് വിജയിച്ച അപു ജോണ്‍ ജോസഫിനെയും, മോന്‍സ് ജോസഫിനെയും മന്ത്രിമാരാക്കണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ ശക്തമാണ്. വിജയത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാന്‍ ജോസഫ് വിഭാഗത്തിന് സാധിച്ചു.