സംഭവത്തിൽ കേരള മുഖ്യമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി, സംസ്ഥാന ഡി.ജി.പി, കേരള ഡ്രഗ്സ് കൺട്രോളർ, ആയുർവേദ ഡ്രഗ്സ് കൺട്രോളർ, ചീഫ് സെക്രട്ടറി എന്നിവർക്കുൾപ്പെടെ പരാതി നൽകിയതായും പരാതിക്കാരൻ അറിയിച്ചു. തമിഴ്നാട്ടിൽ നൽകിയ പരാതി ഗൗരവമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കുമാണ് സന്ദേശം കൈമാറിയിരിക്കുന്നത്.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പരിചയക്കാരന്റെ നിർദേശപ്രകാരം സാമൂഹ്യമാധ്യമങ്ങളിലും യൂട്യൂബിലും വന്നിരുന്ന പരസ്യം കണ്ടാണ് ഇയാൾ പാറശ്ശാലയിൽ ചികിത്സ നടത്തുന്ന ഡോക്ടർ ബിബിനെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു.
ചികിത്സയ്ക്കായി എത്തിയപ്പോൾ “നവപാഷാണം” എന്ന പേരിൽ ഒരു പൊടി നൽകിയതായും, അതിനായി ഗൂഗിൾ പേ വഴി ₹12,000 വാങ്ങിയതായും പരാതിയിൽ പറയുന്നു. മൂന്ന് ഗ്രാം വരുന്ന പൊടി വീട്ടിലെത്തി കഴിക്കാനാണ് നിർദേശിച്ചതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
ഡോക്ടർ നൽകിയ നിർദേശപ്രകാരം മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതരമായ ദേഹാസ്വസ്ഥതയും മരണഭീതിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നും ചികിത്സയെ തുടർന്ന് ജീവൻ രക്ഷിക്കാനായെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് സംഭവത്തെക്കുറിച്ച് ഡോക്ടറുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ വിഷയം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. ഇതോടെയാണ് വിഷയത്തിൽ ഉന്നത അധികാരികൾക്ക് പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.