രാഷ്ട്രീയഗുരുവിനോടുള്ള ആദരവ്, മകന് ഉന്നതപദവി ; അരുവിക്കര മുന്‍ എം.എല്‍.എ ശബരീനാഥനെ മുഖ്യമന്ത്രി ഓഫീസിലേക്ക് കൂടെ കൂട്ടി

തിരുവനന്തപുരം : മുന്‍ എം.എല്‍.എയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതപദവിയില്‍ നിയമിച്ചേക്കും.

ഇതുസംബന്ധിച്ച കെ.പി.സി.സി. തീരുമാനം ഉടനുണ്ടാകും. മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി. സതീശന്റെ രാഷ്ട്രീയഗുരുവാണ് ശബരീനാഥന്റെ പിതാവും മുന്‍മന്ത്രിയും മുന്‍ സ്പീക്കറുമായ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍.


അരുവിക്കര മുന്‍ എം.എല്‍.എയായ ശബരീനാഥന്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. നിലവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കവടിയാര്‍ വാര്‍ഡ് കൗണ്‍സിലറാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കപ്പെട്ടാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. ഐ.എ.എസ്. ഉദ്യോഗസ്ഥ ഡോ. ദിവ്യ എസ്. അയ്യരാണ് ശബരീനാഥന്റെ ഭാര്യ.


നിലവില്‍ വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒയാണ് ദിവ്യ. തിരുവനന്തപുരം ലയോള സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി.ടെക്. ബിരുദം നേടിയ ശബരീനാഥന്‍ തുടര്‍ന്ന് ബംഗളുരുവില്‍ ഐ.ടി. മേഖലയില്‍ ജോലിചെയ്തു. എം.ബി.എ. ബിരുദവും നേടി. രാഷ്ട്രീയപ്രവേശത്തിനു മുമ്പ് മുംബൈയില്‍ ടാറ്റാ ഗ്രൂപ്പിലും പിന്നീട് ടാറ്റാ ട്രസ്റ്റിലും ജോലിചെയ്തു. നിയമബിരുദവും നേടി.


പിതാവ് ജി. കാര്‍ത്തികേയന്റെ മരണത്തേത്തുടര്‍ന്ന് 2015-ല്‍ നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശബരീനാഥന്‍ സജീവരാഷ്ട്രീയത്തിലെത്തിയത്. കന്നിപ്പോരാട്ടത്തില്‍ എല്‍.ഡി.എഫിലെ എം. വിജയകുമാറിനെ പരാജയപ്പെടുത്തി. 


2016 - ലെ തെരഞ്ഞെടുപ്പിലും അരുവിക്കരയില്‍നിന്ന് വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ പരാജയപ്പെട്ടു.