ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; സ്ഥിരീകരിച്ച്‌ ഇസ്രയേല്‍

ജെറുസലേം : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്.

പ്രാദേശിക മാദ്ധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനുപിന്നാലെയാണ് സ്ഥിരീകരണം. ഹദാസ എയിൻ കെരം മെഡിക്കല്‍ സെന്ററില്‍ അദ്ദേഹം ദന്തചികിത്സയിലാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.


ഇറാൻ യുദ്ധമാരംഭിച്ചതിനുശേഷം 76 കാരനായ നെതന്യാഹുവിന്റെ ആരോഗ്യനില സംബന്ധിച്ച്‌ നേരത്തെയും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. നെതന്യാഹു മരണപ്പെട്ടതായും ചില മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ സ്വന്തം വീഡിയോ പങ്കുവച്ച്‌ നെതന്യാഹു രംഗത്തെത്തുകയും ചെയ്തു. സാധാരണക്കാർക്കൊപ്പം നെതന്യാഹു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അവരോട് സംസാരിക്കുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.


ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. ഇതിനിടെ പുറത്തുവിട്ട നെതന്യാഹുവിന്റെ വാർത്താ സമ്മേളനത്തിന്റെ വീഡിയോ എ.ഐ നിർമ്മിതമാണെന്നും ആരോപണമുണ്ടായി. നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറുവിരലുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലെ അവകാശവാദം. ഇതോടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാദം ശക്തമായി. തുടർന്നാണ് മറ്റൊരു വീഡിയോകൂടി നെതന്യാഹു പങ്കുവച്ചത്.


പ്രോസ്റ്റേറ്റ് ട്യൂമറിന് ഹദാസയില്‍ വിജയകരമായ റേഡിയേഷൻ ചികിത്സ നടത്തിയതായി നെതന്യാഹു കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എന്നാണ് ചികിത്സ നടത്തിയതെന്നോ ചികിത്സ അവസാനിച്ചുവെന്നോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. 2023 ല്‍ അദ്ദേഹം ശരീരത്തില്‍ പേസ്‌മാക്കർ ഘടിപ്പിച്ചിരുന്നു. 2024 ല്‍ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. 2024 ല്‍ തന്നെ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയ്ക്കും വിധേയനായി.