കിരീടം നിലനിര്‍ത്താൻ അര്‍ജന്റീന ; മെസ്സി ആറാം ലോകകപ്പിന് !! ടീം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ അന്തിമ ടീമിനെ അർജന്റീന കോച്ച്‌ ലയണല്‍ സ്കലോണി പ്രഖ്യാപിച്ചു. മുപ്പത്തിയെട്ടുകാരനായ സൂപ്പർ താരം ലയണല്‍ മെസ്സി തന്നെയാണ് ടീമിനെ നയിക്കുക.

2022 - ല്‍ ഖത്തറില്‍ നേടിയ ലോകകിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് അർജന്റീന എത്തുന്നത്. മെസ്സിയുടെ കരിയറിലെ ആറാമത്തെ ലോകകപ്പ് കൂടിയാണിത്. അതേസമയം, റയല്‍ മാഡ്രിഡിന്റെ യുവ താരം ഫ്രാങ്കോ മാസ്റ്റന്റുവോണോയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ആരാധകർക്കും ഫുട്ബോള്‍ നിരീക്ഷകർക്കും വലിയ സർപ്രൈസായി മാറി.


മികച്ച ഫോമിലുള്ള അർജന്റീന, ആധുനിക ഫുട്ബോളില്‍ അപൂർവ്വമായി മാത്രം സംഭവിക്കാറുള്ള തുടർച്ചയായ രണ്ടാം ലോകകിരീടം എന്ന നേട്ടമാണ് ലക്ഷ്യമിടുന്നത്. ഇതിനായി മെസ്സിയുടെ അനുഭവസമ്പത്തിലും നേതൃത്വപാടവത്തിലുമാണ് ടീം വലിയ പ്രതീക്ഷ വെക്കുന്നത്. പരിചയസമ്പന്നരായ വെറ്ററൻ താരങ്ങളും യുവ പ്രതിഭകളും അടങ്ങുന്ന സന്തുലിതമായ ടീമിനെയാണ് സ്കലോണി പ്രഖ്യാപിച്ചിരിക്കുന്നത്. 


എങ്കിലും ചില പൊസിഷനുകളിലെ ടീമിന്റെ ബെഞ്ച് കരുത്തിനെക്കുറിച്ചും നീണ്ട ടൂർണമെന്റിലെ കടുത്ത ശാരീരിക വെല്ലുവിളികളെ ടീം എങ്ങനെ നേരിടുമെന്നതിനെക്കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.


മെസ്സിക്ക് ഒരിക്കല്‍ കൂടി തന്റെ രാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാൻ സാധിക്കുമോ എന്നാണ് ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്നത്.