പുതിയ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഒരു പിഴവ് ചൂണ്ടിക്കാട്ടിയാണ് 'ബിർണാണി' താരം ശങ്കു വൈറലാകുന്നത്. തൻ്റെ മുത്തശ്ശിയുടെ പേര് മന്ത്രി തെറ്റായാണ് പറഞ്ഞിരിക്കുന്നതെന്നാണ് ശങ്കു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കൊല്ലം ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചു മോനാണ് ബിർണാണി ചോദിച്ച കുട്ടി എന്നായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞത്. എന്നാല്‍, രാധാമണി ചേച്ചിയുടെ കൊച്ച് മോനല്ല ഞാനെന്നാണ് ശങ്കുവിൻ്റെ വിശദീകരണം. 'പുതിയ മന്ത്രി ആൻ്റി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എൻ്റെ അപ്പാമ്മേടെ പേര് ഓമന. എൻ്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ. ഇത്രേ ഉള്ളൂ കാര്യം എന്ന് ശങ്കു പറഞ്ഞത്.
ശങ്കുവിൻ്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേരത്തെ, അങ്കണവാടിയിലെ ഭക്ഷണത്തെക്കുറിച്ച് ശങ്കുവിൻ്റെ വീഡിയോ വൈറലായതിനെ തുടർന്ന് അന്നത്തെ ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണാ ജോർജ് വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അങ്കണവാടിയില്‍ വിദ്യാർഥികള്‍ക്ക് ബിരിയാണി നല്കാൻ നടപടിയായത്.
ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അങ്കണവാടിയിലായിരുന്ന തൃജല്‍ എസ് സുന്ദർ എന്ന ശങ്കു പഠിച്ചിരുന്നത് 'അങ്കണവാടിയില്‍ ബിർനാണീം പൊരിച്ച കോഴീം' വേണമെന്നായിരുന്നു ശങ്കുവിൻ്റെ ആവശ്യം. ഇതിന് പിന്നാലെയാണ് വീണ ജോര്‍ജ് ഭക്ഷണ മെനു പരിഷ്കരണം കൊണ്ട് വന്നത്.
പ്രഖ്യാപനത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്തെ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കേരളത്തിലെ അങ്കണവാടികളിലും സ്കൂളുകളിലും ഭക്ഷണ മെനു പുതുക്കുകയും ചെയ്തിരുന്നു. കേരളമൊട്ടാകെ ചർച്ചയായ ഈ 'ബിരിയാണി ചലഞ്ചിന്' ശേഷമാണ് ശങ്കു വീഡിയോയുമായി വൈറലാകുന്നത്. പ്രയാർ വടക്ക് പുന്നക്കുഴിയില്‍ സോമസുന്ദറിൻ്റെയും അശ്വതിയുടെയും മകനാണ് ശങ്കു.