മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ ഹെയ്തിയെ തകര്‍ത്തു

ഫിലാഡല്‍ഫിയ : വീണ്ടുമൊരിക്കല്‍ കൂടി അലയൊലിയായ ആ മഞ്ഞക്കടലിരമ്പം ഫിലാഡെല്‍ഫിയ സ്റ്റേഡിയത്തെ ആവേശത്തില്‍ മുക്കി.

ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തില്‍ അഞ്ചുതവണ ലോകചാംപ്യൻമാരായ ബ്രസീല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹെയ്തിയെ തോല്‍പ്പിച്ചു. കാനറികള്‍ക്ക് വേണ്ടി മാത്യൂസ് ക്യൂഞ്ഞ രണ്ടു ഗോളുകളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി. 


ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയില്‍ നാല് പോയിന്‍റുമായി ബ്രസീല്‍ ഒന്നാമതെത്തി. മൊറോക്കോയ്ക്കും നാല് പോയിന്‍റ് ഉണ്ടെങ്കിലും ഗോള്‍വ്യത്യാസത്തിലെ മികവ് ബ്രസീലിനെ ഒന്നാമതെത്തിക്കുകയായിരുന്നു.


മത്സരത്തിന്‍റെ തുടക്കം മുതല്‍ മഞ്ഞപ്പട ആധിപത്യം പുലർത്തിയെങ്കിലും ചില നല്ല നീക്കങ്ങളുമായി ഹെയ്തിയുടെ സാന്നിധ്യമറിയിച്ചു. വമ്പൻമാർക്കെതിരെയാണ് മത്സരിക്കുന്നതെന്ന അങ്കലാപ്പ് ഇല്ലാതെ ഹെയ്തി താരങ്ങള്‍ കളംപിടിക്കുന്നത് കാണാമായിരുന്നു. 


നാലാം മിനിട്ടില്‍ ബ്രസീല്‍ താരത്തെ ഫൗള്‍ ചെയ്തതിന് ഹെയ്തിയുടെ കാർലെൻസ് ആർക്കസിന് മഞ്ഞ കാർഡ് ലഭിച്ചു. കളിയുടെ തുടക്കം മുതല്‍ ബ്രസീല്‍ ആധിപത്യം പുലർത്തിയെങ്കിലും ചില നല്ല നീക്കങ്ങള്‍ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. 


14 ആം മിനിട്ടില്‍ റഫീഞ്ഞ്യ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 21ആം മിനിട്ടില്‍ ലൂക്കാസ് പാക്വെറ്റയുടെ പാസില്‍നിന്ന് വിനീഷ്യസ് ജൂനിയറിന് മികച്ച ഒരു ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല.


23 ആം മിനിട്ടില്‍ ബ്രസീല്‍ ആരാധകർ കാത്തിരുന്ന ഗോള്‍ എത്തി. വിനീഷ്യസ് ജൂനിയർ ഡ്രിബിള്‍ ചെയ്ത് ബോക്സിലേക്ക് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. റീബൌണ്ട് ചെയ്തുവന്ന പന്ത് മാത്യൂസ് ക്യൂഞ്ഞ ഒരവസരം പോലും നല്‍കാതെ വലയിലാക്കുകയായിരുന്നു. 


ഈ സമയം ഹെയ്തി ഗോള്‍ കീപ്പർ ജോണി പ്ലാസിഡ് വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. 36ആം മിനിട്ടില്‍ ഒരു ത്രൂപാസ് പിടിച്ചെടുത്ത് മാത്യൂസ് ക്യൂഞ്ഞ ബ്രസീലിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.


ചില പ്രത്യാക്രമണങ്ങള്‍ ഹെയ്തി നടത്തിയെങ്കിലും അവയ്ക്ക് മൂർച്ഛ പോരായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് ജൂനിയർ മനോഹരമായ മറ്റൊരു ഗോളിലൂടെ മഞ്ഞപ്പടയുടെ ലീഡ് മൂന്നാക്കി ഉയർത്തുകയായിരുന്നു. ഹെയ്തിയുടെ മധ്യനിരയെയും പ്രതിരോധത്തെയും വകഞ്ഞ് മുന്നേറിയ വിനീഷ്യസ് ലക്ഷ്യം തെറ്റാതെ അനായാസം പന്ത് വലയിലാക്കുകയായിരുന്നു.


രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണർവോടെ കളിക്കുന്ന ഹെയ്തിയെയാണ് കാണാനായത്. ഡൊമിനിക് സൈമൻ ഗോളിന് തൊട്ടരികില്‍ എത്തിയെങ്കിലും ആലിസണ്‍ രക്ഷകനായി മാറി. പിന്നീട് വിനീഷ്യസ് ജൂനിയർ ചില നല്ല അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളായില്ല. 


73 ആം മിനിട്ടില്‍ ബ്രസീല്‍ താരം എൻഡ്രിക്ക് ഗോള്‍ നേടിയെങ്കിലും അത് ഓഫ് സൈഡ് ഫ്ലാഗില്‍ കുടുങ്ങി. ആശ്വാസഗോള്‍ കണ്ടെത്താൻ ഹെയ്തി കിണഞ്ഞുപരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തകർപ്പനൊരു ഷോട്ട് ആലിസണ്‍ തട്ടിയകറ്റി രക്ഷപ്പെടുത്തി. കളിയുടെ അവസാന നിമിഷം വരെ ബ്രസീലിനും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു


മത്സരത്തില്‍ 60 ശതമാനത്തിലേറെ ബോള്‍ പൊസെഷൻ നിലനിർത്തിയത് ബ്രസീല്‍ ആയിരുന്നു. ഹെയ്തി പോസ്റ്റിലേക്ക് ബ്രസീല്‍ അഞ്ച് തവണയാണ് ഓണ്‍ ടാർജറ്റ് ഷോട്ടുകള്‍ ഉതിർത്തത്. രണ്ട് ഹെയ്തി താരങ്ങളാണ് ആദ്യ പകുതിയില്‍ മഞ്ഞ കാർഡ് കണ്ടത്.


ആദ്യ പകുതിയില്‍ സൂപ്പർ താരം റഫീഞ്ഞ്യ പരുക്ക് മൂലം പുറത്തായത് ബ്രസീലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. റയാൻ ആണ് പകരക്കാരനായി മൈതാനത്തേക്ക് എത്തിയത്. ഇന്നും സൂപ്പർതാരം നെയ്മർ ഇല്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്.