തിരുവനന്തപുരം: ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ ആരോഗ്യമന്ത്രി ഡോക്ടർമാരെ കുറ്റക്കാരാക്കുന്നു എന്ന് കെ.ജിഎംഒഎ. തിരുവല്ലയിൽ മന്ത്രി നടത്തിയത് ജനക്കൂട്ട വിചാരണയാണ്. ആരോഗ്യമന്ത്രിയുടെ പ്രവൃത്തി ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതാണെന്നും കെ.ജിഎംഒഎ കുറ്റപ്പെടുത്തി.
സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമമുണ്ടെന്ന കാര്യം വസ്തുതയാണ്. ഈ പ്രശ്‌നവും ആശുപത്രികളിലെ മറ്റു പ്രശ്‌നങ്ങളും പല പ്രാവശ്യം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ പലതവണ അറിയിച്ചിട്ടും മന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തു നിന്ന് ഒരു തരത്തിലുമുള്ള ഇടപെടലും ഉണ്ടായിട്ടില്ല. സർക്കാർ സംവിധാനങ്ങൾ വഴി ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കാതെ ആശുപത്രി മേധാവികൾ മറ്റ് ഫണ്ടുകൾ കണ്ടെത്തി മരുന്നുകൾ വാങ്ങണം എന്ന നിലവിലെ നിർദേശം തീർത്തും അപ്രായോഗികമാണെന്ന് കെജിഎംഓഎ പറഞ്ഞു. മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഡോക്ടർമാരുടെ മേൽ അടിച്ചേൽപ്പിച്ചുകൊണ്ട് ആരോഗ്യവകുപ്പ് കൈകഴുകുന്നു എന്നും കെ.ജിഎംഒഎ കുറ്റപ്പെടുത്തി.