ഇടുക്കി അണക്കെട്ട് തുറന്നു, ബാണാസുര സാഗർ ഉച്ചയോടെ തുറക്കും

ഇടുക്കി അണക്കെട്ട് തുറന്നു, ബാണാസുര സാഗർ ഉച്ചയോടെ തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നിരിക്കുന്നത്. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തിയ സാഹചര്യത്തില്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കി വിടുന്നത്. സെക്കന്റില്‍ 50 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

ഡാം തുറക്കുന്നതിന് മുന്നോടിയായി പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 26 ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ജനവാസ മേഖലയില്‍ വെള്ളം കയറില്ലെന്ന് മുന്നറിയിപ്പുണ്ടെങ്കിലും പെരിയാര്‍ തീരത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനലനിരപ്പ് 773.50 മീറ്റര്‍ കടന്നതോടെയാണ് നടപടി. അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ അപ്പര്‍ റൂള്‍ കര്‍വായ 774 മീറ്ററില്‍ എത്തും. ഈ സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. സെക്കന്‍ഡില്‍ 8.5 ക്യുബിക് മീറ്റര്‍ പ്രകാരം 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. ഇതോടെ പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.